പുതുവർഷത്തിൽ ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിൻ്റെ ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കും. ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 5 ന് തിരുവനന്തപുരത്ത് ആരംഭിക്കും.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടിനുശേഷം ദുല്‍ഖർ സല്‍മാൻ ചിത്രത്തിന് തലസ്ഥാനം ലൊക്കേഷനാകുകയാണ്.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യയാണ് വില്ലൻ റോളിൽ എത്തുന്നത്.പ്രിയങ്ക മോഹനാണ് നായിക.
25 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് പ്ലാൻ ചെയ്യുന്നത്. തിരുവനന്തപുരത്തെ ഷെഡ്യൂളില്‍ ദുല്‍ഖർ സല്‍മാൻ പങ്കെടുക്കില്ല. ആന്റണി വർഗീസ്, വിനയ് ഫോർട്ട് എന്നിവരാണ് ഈ ഷെഡ്യൂളില്‍ അഭിനയിക്കുന്നത്.
മാർച്ച് ആദ്യം എറണാകുളത്തെ ഷെഡ്യൂളില്‍ ദുല്‍ഖർ ജോയിൻ ചെയ്യും.കിംഗ് ഒഫ് കൊത്തക്കുശേഷം ദുല്‍ഖർ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം ദുൽഖറിൻ്റെ വേഫെറർ ഫിലിംസാണ്.
ഫെബ്രുവരിയിൽ ദുല്‍ഖർ സല്‍മാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോകെ താര എന്ന ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിക്കുന്നുണ്ട്. രണ്ടു നായികമാരില്‍ ഒരാള്‍ സായ്‌പല്ലവി ആണ്. തെലുങ്കില്‍ ദുല്‍ഖർ അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ്.
നഹാസ് ഹിദായത്ത് ചിത്രത്തിനുശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖർ സല്‍മാനെ കാത്തിരിക്കുന്നത്.