
കുണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട മകനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അഖിൽ പിടിയിലാകുന്നത്. കുണ്ടറ പടപ്പക്കര സ്വദേശി പുഷ്പലതയെയും അച്ഛൻ ആന്റണിയെയും വീട്ടിൽ വച്ച് അഖിൽ ചുറ്റികയും കൂർത്ത ഉളിയും കൊണ്ട് അടിച്ച് അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 17 നാണ് പുഷ്പലതയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയത്. ആൻ്റണിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് ഇദ്ദേഹം മരിക്കുകയുമായിരുന്നു.
ഒളിവിൽ പോയ അഖിലിനെ കണ്ടെത്താൻ ലൂക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇങ്ങനെയാണ് ശ്രീനഗറിലെ ഒരു മലയാളി നൽകിയ വിവരം അനുസരിച്ച് പോലീസ് അവിടെയെത്തിയത്. അവിടെ ഒരു സ്ത്രീയുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു അഖിൽ. ഇയാളുടെ ക്രൂരതയെക്കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ല.
ഒരുലക്ഷം രൂപ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ലഹരിക്കടിമയായ അഖിൽ അമ്മയെക്കൊലപ്പെടുത്തിയത്. അമ്മയെ കൊലചെയ്ത് മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കുണ്ടറയിലെ കടയില്‍ വിറ്റുകിട്ടിയ പണവുമായാണ് അഖില്‍ ഒളിവില്‍ പോയത്. ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് അഖിൽ അമ്മയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് പുഷ്പലതയുടെ തലയിൽ പലതവണ അടിച്ചതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോയ പ്രതിയ്ക്കായി വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പല ടീമുകളായാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
രാജ്യത്തിന്റെ പലസ്ഥലങ്ങലിലും മുമ്പ് സഞ്ചരിച്ച് പരിചയം ഉള്ള ആളാണ് അഖിൽ. പ്രതിയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചെങ്കിലും ഒരുവിധത്തിലുള്ള സോഷ്യൽ മീഡിയ ആക്ടിവിറ്റികളും ഇയാൾ സമീപകാലത്തൊന്നും നടത്തിയിരുന്നില്ല. ലഹരിയുടെ പുറത്താണ് പ്രതി കൊലപാതകം നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്.