കൊടും കുറ്റവാളി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ

Kodi Suni
കൊടി സുനി

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങി. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയിൽ വകുപ്പിന്റെ നടപടി. ജയിലിൽ കഴിയുമ്പോൾ മറ്റ് കേസുകളിൽ പ്രതിയായതിനാൽ പരോൾ നിഷേധിച്ചിരുന്നു. ഇതിനെതിരെ കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരമാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.

പരോൾ ലഭിച്ചതോടെ 28ന് തവനൂർ ജയിലിൽനിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വർഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നു. ജയിലിൽനിന്ന് പരോൾ ലഭിച്ച ഘട്ടങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സുനിക്ക് പരോൾ നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്

പൊലീസ് റിപ്പോർട്ട് എതിരായിട്ടും കൊടി സുനിക്ക് പരോൾ അനുവദിച്ചത് മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ വാർത്താ കുറിപ്പ് ഇങ്ങനെ:

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് ഒരു മാസത്തെ പരോൾ നൽകിയ സർക്കാർ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി. പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്.

അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരിൽ, സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് ദുരൂഹമാണ്. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കവെ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളത്.

കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂർണമായും കൊലയാളി പാർട്ടിയായി സി.പി.എം അധഃപതിച്ചിരിക്കുകയാണ്. ടി.പി വധക്കേസിലെയും പെരിയ ഇരട്ടക്കൊലക്കേസിലെയും പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനലുകൾക്കും നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കും സംരക്ഷണം നൽകുമെന്നാണ് പിണറായി വിജയൻ സർക്കാർ ഇത്തരത്തിലുള്ള ഓരോ നടപടികളിലൂടെയും കേരളത്തോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

കൊലയാളികളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരും ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയും മാറുന്നത് കേരളത്തിനു തന്നെ അപമാനമാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും സത്യസന്ധരായ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ കേരളം ഒന്നാകെ നിങ്ങളുടെ ഇത്തരം ചെയ്തികൾക്കെതിരെ തിരിയിയുന്ന കാലം വിദൂരമല്ലെന്ന് സി.പി.എം നേതൃത്വം ഓർത്താൽ നന്ന്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments