മെക് 7 ഹെല്‍ത്ത് ക്ലബിന്റെ (MEC 7 Health Club) പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംവിധാനം ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ കേന്ദ്ര ഏജൻസിയുടെയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മെക് 7 വളർന്നു വന്നു എന്നതാണ് സംശയാസ്പദമെന്ന് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മെക് 7 നെതിരെ സിപിഎം, മുസ്ലിം സുന്നി സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരിക്കുകയും പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
എന്താണ് മെക് 7 ?
MEC 7 എന്നാൽ ‘മൾട്ടി എക്സർസൈസ് കോമ്പിനേഷൻ’ എന്നാണ് അർത്ഥം. ഏയ്റോബിക്സ്, ലളിത വ്യായാമങ്ങൾ, യോഗ, ധ്യാനം, അക്യുപ്രഷർ, ശ്വസന വ്യായാമങ്ങൾ, മുഖ മസാജ് എന്നിങ്ങനെ ഏഴ് വിഭാഗത്തിലുള്ള വ്യായാമങ്ങളെ സൂചിപ്പിക്കുന്നു. ഈ ഏഴ് വിഭാഗങ്ങളിൽ നിന്നുള്ള 21 തരം വ്യായാമങ്ങൾ 21 മിനിറ്റിനുള്ളിൽ ചെയ്യുന്നു. ഇത് ഈ സമയത്തിനുള്ളിൽ ഏകദേശം 1750 ശാരീരിക ചലനങ്ങൾ ഉറപ്പാക്കുന്നു, കൂടാതെ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുമ്പോഴാണ് ഇത് ഏറ്റവും രസകരമാകുന്നത്. ഏത് പ്രായത്തിലുമുള്ള വ്യക്തിക്കും അത് എളുപ്പത്തിൽ ചെയ്യാൻ കഴിയു എന്നതാണ് MEC 7-ന്റെ ഇതിനെ ആളുകളിലേക്ക് ആകർഷിക്കുന്നത്.
ആദ്യകാലത്ത് കുറച്ചുപേരായി തുടങ്ങിയ കൂട്ടായ്മ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിച്ച് നാട്ടിലെ നിരവധി ആളുകള്‍ പങ്കെടുക്കുന്നുണ്ട്. ആരോഗ്യമുള്ള സമൂഹം എന്ന മുദ്രാവാക്യം ഉയർത്തി പലവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
വെറും അരമണിക്കൂർ കൊണ്ട് 40 വയസ്സിന് മുകളിലുള്ളവർക്ക് എളുപ്പത്തില്‍ ചെയ്യാനാകുന്നതുമായ വ്യായാമ മുറകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റക്കുള്ള വ്യായാമങ്ങളെക്കാള്‍ ഒരുമിച്ച് സന്തോഷിച്ചും ചിരിച്ചും ആരോഗ്യം സംരക്ഷിക്കുക എന്നതാണ് മെക് 7 കൂട്ടായ്മ ലക്ഷ്യമിടുന്നത്. ആയിരത്തോളം കൂട്ടായ്മകളാണ് മലബാർ കേന്ദ്രീകരിച്ച് മെക് 7 എന്ന പേരില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍പെട്ടവരാണെന്നതാണ് സംശയങ്ങളുടെയും ചോദ്യങ്ങളുടെയും തുടക്കം.
MEC 7-ന്റെ സ്ഥാപകൻ
മുൻ സൈനികനായ സ്വലാഹുദ്ദീൻ, ആരോഗ്യമുള്ള ശരീരവും മനസ്സും നേടിയെടുക്കുന്നതിലൂടെ സന്തോഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ MEC 7 രൂപകൽപ്പന ചെയ്തു. സൈന്യത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ട് നേടിയ അറിവ് ഉപയോഗിച്ചാണ് അദ്ദേഹം ഈ വ്യായാമ രൂപം രൂപകൽപ്പന ചെയ്തത്. രണ്ട് പതിറ്റാണ്ട് സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചതിന് പിന്നാലെയാണ് ആരോഗ്യ പരിപാലന വ്യായമങ്ങള്‍ക്കായി ഒരു കൂട്ടായ്മ രൂപീകരിച്ചത്.
ആദ്യത്തെ MEC 7 സെഷൻ 2012 ജൂലൈയിൽ തുറക്കലിലെ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പത്ത് വർഷത്തിന് ശേഷം, 2022 ജൂലൈയിൽ അദ്ദേഹം രണ്ടാമത്തെ MEC 7 കേന്ദ്രം തുറന്നു. എന്നിരുന്നാലും, രണ്ടാമത്തെ കേന്ദ്രം തുറന്നതിന് രണ്ട് വർഷത്തിനുള്ളിൽ സ്വലാഹുദ്ദീന് 121 വ്യായാമ കേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞു.
മെക് 7നെതിരെയുള്ള സംശയങ്ങള്‍
മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളെന്ന് CPIM കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ പരസ്യമായി ആക്ഷേപിച്ചിരുന്നു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞു. മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും ആഞ്ഞടിച്ചിരുന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. എന്നാൽ ആരോപണം തള്ളുകയാണ് മെക് സെവൻ സ്ഥാപകൻ സ്വലാഹുദീൻ. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണ് കൂട്ടായ്മ എന്നാണ് വിശദീകരണം.
മക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ ടിപിഎം ഹാഷിറലി. മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി പറഞ്ഞു.