
ചത്ത മ്ലാവിന് പേവിഷബാധ; തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാർക്ക് വാക്‌സിൻ നൽകും
തിരുവനന്തപുരം: മൃഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തിൽപ്പെട്ട സാമ്പാർ ഡിയർ ചത്തത്. തിങ്കളാഴ്ച തിരുവനന്തപുരം മൃഗശാലയിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തിൽ മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്‌പോഷർ ആന്റി റാബീസ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിൻ നൽകാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീമിനേയും രൂപവൽകരിച്ചു. മൃഗങ്ങൾക്കുള്ള വാക്‌സിനേഷൻ ഇന്നാരംഭിക്കും.
ബയോ സെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയിലെ തെരുവു നായ്ക്കളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിനു തിരുവനന്തപുരം നഗരസഭയ്ക്ക് മൃഗശാല കത്ത് നൽകും.
അണുബാധയുടെ കൃത്യമായ ഉറവിടം വ്യക്തമല്ലെങ്കിലും, വവ്വാലുകളും കുറുക്കന്മാരും പോലുള്ള വന്യമൃഗങ്ങളിൽ നിന്ന് വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സംശയിക്കുന്നു. എന്നിരുന്നാലും, സാമ്പാർ മാനുകളെ “ഡെഡ്-എൻഡ് ഹോസ്റ്റുകൾ” ആയി കണക്കാക്കുന്നതിനാൽ, കൂടുതൽ പകരാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ, എല്ലാ മൃഗശാലയിലെ മൃഗങ്ങൾക്കും പതിവായി റാബിസ് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിക്കുന്നതിനാൽ, രോഗബാധിതനായ മാനുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവ ഒഴികെ കൂടുതൽ ഡോസുകൾ ആവശ്യമില്ല.