ആലപ്പുഴയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്.
6 പേർക്കു പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്. ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ്, കൊല്ലം ചവറ വെളിത്തേടത്ത് മക്കത്തിൽ മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി മുതുപ്പിലാക്കൽ കാർത്തികയിൽ ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മി ഭവനിൽ ഗൗരി ശങ്കർ, എടത്വ സ്വദേശി ആൽവിൻ ജോർജ്, തിരുവനന്തപുരം മരിയനാട് ഷെയ്ൻ ഡെൻസ്റ്റൻ എന്നിവർക്കാണു പരുക്കേറ്റത്.
എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 15 ബസ് യാത്രക്കാർക്കും പരുക്കേറ്റു.