
‘കവി രചിച്ച ഏക കഥ’: ഒ.എൻ വിയുടെ ‘ബലി’
കവി രചിച്ച ഏക കഥ. ഒ.എൻ.വി കുറുപ്പ് രചിച്ച ഏക കഥ ‘ബലി’ 2024 ഫെബ്രുവരിയിൽ എച്ച് & സി പബ്‌ളിഷിംഗ് ഹൗസ് ആണ് പുറത്തിറക്കിയത്. മനോരമ വാർഷിക പതിപ്പിൽ കഥയെഴുതി തരാമോ എന്ന് മണർക്കാട് മാത്യു അപ്രതീക്ഷിതമായി ആവശ്യപ്പെട്ടതോടെ ഒ.എൻ.വി കഥയിലേക്ക് കടക്കുന്നത്.
വാർഷിക പതിപ്പിൽ കവിയുടെ കഥ എന്ന പേരിൽ ഒ.എൻ.വിയെ കൊണ്ട് കഥയെഴുതിച്ച് പുതുമ സൃഷ്ടിക്കാനായിരുന്നു മനോരമ വാർഷിക പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന മണർക്കാട് മാത്യുവിന്റെ ശ്രമം.
ആ ശ്രമം വിജയം കണ്ടു. ഒ.എൻ.വി എഴുതി തുടങ്ങി. തോന്നിയതെന്തൊക്കെയോ എഴുതി കഴിഞ്ഞപ്പോൾ, ഏറ്റെടുത്തത് പൊല്ലാപ്പായോ എന്ന തോന്നലിൽ ആയി ഒ.എൻ.വി. സ്‌നേഹത്തിന് വേണ്ടി സ്വയം ബലിപുഷ്പമായി തീർന്ന ഒരു മനസ്വിനിയുടെ മുഖം ഒ.എൻ.വിയുടെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞ് വന്നതോടെ കഥ എഴുത്ത് തുടങ്ങി.
ഒരു നീണ്ട കവിതയെഴുതിയ സുഖം ആയിരുന്നു കഥ എഴുതി കഴിഞ്ഞപ്പോൾ ഒ.എൻ.വി അനുഭവിച്ചത്. ഒ.എൻ.വി അതിനെ കുറിച്ച് പറയുന്നതിങ്ങനെ, ഒരു നീണ്ട കവിതയെഴുതിയ സുഖം തോന്നി, ഒടുവിലത്തെ വാക്യമെഴുതി കഴിഞ്ഞപ്പോൾ – ഇഷ്ടപ്പെട്ടെതെല്ലാം നഷ്ടമാവുന്നതിൽ പരാതിയോ പരിഭവമോ ഇല്ലാതെ, ‘ എന്തോ കണ്ടു കാണാതെ, എന്തോ കേട്ടു കേൾക്കാതെ, എന്തോ നേടി നേടാതെ നടന്നു പോയ ‘ ഒരു ജീവിതത്തെ വാക്കു കൊണ്ട് അനുയാത്ര ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷം മനസിൽ നിറഞ്ഞു. കഥ പൂർത്തിയായപ്പോൾ ഒ.എൻ.വിക്ക് ശങ്ക തോന്നിയത് ശീർഷകത്തിന്റെ കാര്യത്തിൽ മാത്രം. കോളേജ് അങ്കണത്തിലെ ‘ബാച്ച്‌ലേഴ്‌സ് ടിയേഴ്‌സ്’ എന്ന ചെടിയുടെ പേരായിരുന്നു ഒ.എൻ.വിയുടെ മനസിൽ. ഒടുവിൽ ‘ബലി’ എന്ന ശീർഷകം എങ്ങനെയോ വന്നു എന്ന് ഒ.എൻ.വി പറയുന്നു. പത്മിനി ടീച്ചറും ശേഖരനും നിറഞ്ഞ് നിൽക്കുകയാണ് ബലിയുടെ അവസാനവും.