മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെക്കുറിച്ച് അബദ്ധങ്ങളും അക്ഷരത്തെറ്റുകളും നിറഞ്ഞ അനുസ്മരണ കുറിപ്പുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ടിയുടെ വിയോഗത്തിന്റെ അടുത്ത ദിവസം ഡിസംബർ 26ന് രാത്രി 9.45ന് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലും പ്രസിദ്ധീകരിച്ച അനുസ്മരണ കുറിപ്പിലാണ് അബദ്ധങ്ങൾ കടന്നുകൂടിയിരിക്കുന്നത്.
‘നാല്‌കെട്ടിലെ അപ്പുണ്ണിയും നാലാമുഴത്തിലെ ഭീമനും മലയാളി കണ്ണാടി നോക്കിയ കഥാപാത്രങ്ങളാക്കി’ എന്നാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പിലെ അവസാന ഭാഗത്തുള്ളത്. ഇതിൽ എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനെയായിരിക്കാം ‘നാലാമുഴ’ത്തിലെ ഭീമൻ എന്ന് മുൻ പ്രതിപക്ഷ നേതാവ് എഴുതിയിരിക്കുന്നത്. ഈ അബദ്ധം പോസ്റ്റിൽ ആളുകൾ കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ദിവസങ്ങൾ പിന്നിട്ടിട്ടും തിരുത്തിയിട്ടില്ല.
അതുപോലെ അക്ഷരത്തെറ്റുകളാണ് അനുസ്മരണ കുറിപ്പ് നിറയെ. ‘കറുത്തവർഗകാരനായ പ്രസിസന്റ് അമേരിക്കക്ക് ഉണ്ടാകണമെന്ന് ബൊമ അധികാരം ഏൽക്കുന്നതിന് കാൽനൂറ്റാണ്ട് മുമ്പ് യാത്രാവിവരണത്തിൽ MT എഴുതിയത് ഓർക്കുന്നു’ എന്ന് പറയുന്ന രമേശ് ചെന്നിത്തല ഒബാമക്ക് പകരം ‘ബൊമ’ എന്നാണ് കുറിച്ചിരിക്കുന്നത്. ഇതൊക്കെ കൂടാതെയും ധാരാളം അക്ഷരത്തെറ്റുകള്‍ അദ്ദേഹത്തിൻ്റെ കുറിപ്പില്‍ കാണാൻ സാധിക്കും.


രാഷ്ട്രീയക്കാരനായ രമേശ് ചെന്നിത്തല എം.ടി. വാസുദേവൻ നായരെക്കുറിച്ച് എഴുതുമ്പോൾ കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ രചനകളെങ്കിലും കൃത്യമായി രേഖപ്പെടുത്തേണ്ടതില്ലേ എന്ന വിമർശനമായി ഉയരുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് മുന്നണിയുടെ രാജയത്തിന് ശേഷം കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന മാധ്യമപ്രചാരണം കൊഴുക്കുന്നതിനിടെയിലാണ് മലയാളിയുടെ അഭിമാനത്തെക്കുറിച്ച് ‘ഭാവി മുഖ്യമന്ത്രി’യുടെ അബദ്ധങ്ങൾ നിറഞ്ഞ അനുസ്മരണം.
മുമ്പ് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ ബോക്‌സിങ് ഇതിഹാസം മുഹമ്മദ അലിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രചരിപ്പിച്ചതുപോലുള്ള ഒരു ഗംഭീര അബദ്ധമായി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തലയുടെ അനുസ്മരണം.