മദ്യം, പെട്രോൾ, ഡീസൽ എന്നിവക്ക് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയത് വഴി ഖജനാവിലേക്ക് ലഭിച്ചത് 1721.16 കോടി രൂപ. 2024 ഒക്ടോബർ 8 വരെയുള്ള കണക്കാണിത്.
ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുന്നതിന് വേണ്ടിയാണ് സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് കെ. എൻ. ബാലഗോപാൽ 2023- 24 ലെ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നിട്ടും ക്ഷേമ പെൻഷൻ കുടിശികയായി എന്നതാണ് വിരോധാഭാസം. നിലവിൽ 4 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. 6400 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്.
ക്ഷേമ പെൻഷൻ ലഭിക്കുന്ന ആൾ മരണപ്പെട്ടാൽ കുടിശിക അവകാശികൾക്ക് ലഭിക്കില്ല. സെസിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ വരവ വയ്ക്കുകയും ക്ഷേമ പെൻഷനുകൾക്കുള്ള ചെലവുകൾ ബജറ്റ് ശീർഷകങ്ങളിൽ വകയിരുത്തിയ തുകയിൽ നിന്നും അപ്രോപിയേഷൻ നിയന്ത്രണത്തിന് വിധേയമായി ചെലവഴിക്കുകയുമാണ് ചെയ്യുന്നത്.
500 രൂപ മുതൽ 999 രൂപ വില വരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയാണ് സെസ് ഏർപ്പെടുത്തിയത്. 1000 രൂപ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ഒരു ബോട്ടിലിന് 40 രൂപയാണ് സെസ്. 2023- 24 ൽ 217. 13 കോടിയും 2024- 25 സാമ്പത്തിക വർഷം ഒക്ടോബർ ആദ്യം വരെ 107.67 കോടിയും മദ്യത്തിൽ നിന്നുള്ള സെസ് ഇനത്തിൽ ലഭിച്ചു.
പെട്രോൾ, ഡീസൽ എന്നിവക്ക് ലിറ്ററിന് 2 രൂപ നിരക്കിലാണ് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയത്. ഇന്ധന വില ഉയരാൻ ഇത് കാരണമായി. ഇതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം അടിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഫലത്തിൽ ഇത് ഖജനാവിന് തിരിച്ചടിയായി.
2023- 24 ൽ 954.32 കോടിയും 2024- 45 സാമ്പത്തിക വർഷം ഒക്ടോബർ ആദ്യം വരെ 442. 04 കോടിയും ഇന്ധന സെസിനത്തിൽ ലഭിച്ചു.