
ഒളിമ്പിക് മാതൃകയിൽ പ്രഖ്യാപിച്ച് തുടങ്ങിയ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കണ്ണീർ സമാപനം. ജി.വി. രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നൽകിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം.
പ്രതിഷേധിച്ച വിദ്യാർത്ഥിനികളെയുൾപ്പെടെ പോലീസ് മർദ്ദിച്ചെന്ന് ആരോപണം. ജി.വി രാജ കായിക സ്‌കൂളിന് രണ്ടാം സ്ഥാനം നൽകിയതോടെ നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂൾ വിദ്യാർഥികളാണ് പ്രതിഷേധവുമായി എത്തിയത്. വിദ്യാർഥികൾ പ്രധാനവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കായിക മന്ത്രി വി.അബ്ദുറഹിമാൻ ആദ്യഘട്ടത്തിൽ ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടികളും സ്‌കൂൾ അധികൃതരും രക്ഷിതാക്കളുമായി സംസാരിക്കുകയും വിഷയത്തിൽ പരിഹാരം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ പൊലീസ് വി.ശിവൻ കുട്ടിയെ സംഭവസ്ഥലത്ത് നിന്ന് മാറ്റി. തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് ആരോപണം.