തിരുവനന്തപുരം: രാജി വയ്ക്കാൻ തയ്യാറെന്നറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കെ.സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ സുരേന്ദ്രൻ്റെ രാജി ആവശ്യത്തെ തള്ളിക്കളയുന്നവരും പാർട്ടിയിലുണ്ട്.
ഉപതിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന സാഹചര്യമാണ് ബിജെപിയില്‍ ഇപ്പോഴുള്ളത്. അതേ സമയം വോട്ടു കുറഞ്ഞതിൽ ശോഭാ സുരേന്ദ്രൻ്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ടെന്നാണ് സൂചന. രാജിവെക്കരുതന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാടെന്നും സുരേന്ദ്രൻ പക്ഷക്കാർ പറയുന്നു.
പാലക്കാട് പാർട്ടിക്കേറ്റ വോട്ടുചോർച്ച സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ കലാപക്കൊടിയുയർന്നിരിക്കുകയാണ്.
സ്വന്തം നോമിനിയെ സ്ഥാനാർത്ഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം. പോരടിച്ച ഇടങ്ങളിലെല്ലാം വോട്ട് കുത്തനെ കൂട്ടുന്ന ശോഭാ സുരേന്ദ്രനോട് മുഖം തിരിച്ചു. അതിനിടെ ബിജെപിക്കെതിരെ രംഗത്തെത്തിയ സന്ദീപ് വാര്യരുടെ വെളിപ്പെടുത്തലും വലിയ പ്രശ്നം തന്നെയായി മാറിയിട്ടുണ്ട് ബിജെപിയിൽ എന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് സുരേന്ദ്രനുള്ള കുത്താണ്. പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്‍റെ പരാജയമാണോ എന്ന ചോദ്യത്തിന് തെ സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി ഗോപാലകൃഷ്‌ണന്‍റെ മറുപടി. ശോഭാ സുരേന്ദ്രൻ തന്ത്രപരമായ മൗനത്തിലാണ്.
ഇതുകൊണ്ടൊക്കെ തന്നെ അധ്യക്ഷ പദവിയിൽ ഊഴം പൂർത്തിയാക്കിയ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമാണ് പാർട്ടിയിൽ ഒരു വലിയ വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്.