സ്‌കോഡയുടെ കേരളത്തിലെ ഡീലറായിരുന്ന മലയാളം മോട്ടോഴ്‌സിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ദീപിക സുശീലൻ രംഗത്ത്. സ്‌കോഡ സ്ലാവിയ കാർ വാങ്ങാനായി പലപ്പോഴായി 14 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കുകയും പിന്നീട് കാർ നൽകാതിരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ബാങ്ക് ലോണായുള്ള തുകയും വാങ്ങിയെടുത്ത ശേഷമാണ് മലയാളം മോട്ടോഴ്‌സ് കാർ നൽകാതിരുന്നത്. 2022 ൽ ബുക്ക് ചെയ്ത് പണവും നൽകിയിട്ടും ഇതുവരെയും കാറുമില്ല, കാശുമില്ലാത്ത അവസ്ഥയിലാണ് ദീപിക. ഐഎഫ്എഫ്‌കെ പോലുള്ള ചലച്ചിത്ര മേളകളുടെ ആർട്ടിസ്റ്റ് ഡയറക്ടറായിരുന്നു ദീപിക സുശീലൻ.
പ്രശസ്ത ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ബൈജു എൻ. നായരുടെ യൂടൂബ് ചാനലിലൂടെയാണ് ദീപിക തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ആദ്യമായി സ്‌കോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാറിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു ഇവർ ചെയ്തത്. ഇതിന് പിന്നാലെ സ്‌കോഡയുടെ ഓഫീസിൽ നിന്ന് വിളിക്കുകയും അവരുടെ കേരളത്തിലെ ഡീലറായ മലയാളം മോട്ടോഴ്‌സുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മലയാളം മോട്ടോഴ്‌സിലെ ജീവനക്കാർ തന്നെ വിളിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്ത് കാർ ബുക്ക് ചെയ്യുകയും ചെയ്തു. ക്യാൻസർ ബാധിതയായിരുന്നു അമ്മയുടെ സഹായത്തിനുള്ള ആഗ്രഹത്തോടെയായിരുന്നു ദീപിക കാർ ബുക്ക് ചെയ്തത്. എച്ച്.ഡി.എഫ്.സി ബാങ്ക് വഴി ്ടുത്ത ദിവസം തന്നെ കാർ ലോൺ പാസാകുകയും മലയാളം മോട്ടോഴ്‌സിന് നൽകുകയും ചെയ്തു.
45 ദിവസത്തിൽ കാർ ഡെലിവറി നടത്തമെന്നായിരുന്നു മലയാളം മോട്ടോഴ്‌സിന്റെ ഉറപ്പ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഇതിന് ശേഷം കാർ നേരത്തെ നൽകാൻ കുറച്ച് തുക വേണമെന്നാവശ്യപ്പെട്ട് മലയാളം മോട്ടോഴ്‌സ് അധികൃതർ വിളിക്കുകയായിരുന്നു. ഇങ്ങനെ മൂന്ന് ലക്ഷം രൂപ ഇവർ വാങ്ങി. എന്നാൽ കാർ ഇനിയും വൈകുമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം അമ്മ മരണപ്പെട്ട സുശീല കാറ് ഇത്ര ദിവസത്തിനുള്ളിൽ ലഭിക്കണമെന്ന നിർബന്ധം ഉപേക്ഷിച്ചു. എങ്കിലും ആഗസ്റ്റിൽ നൽകാമെന്നായിരുന്നു മലയാളം മോട്ടോഴ്‌സ് അറിയിച്ചത്. എന്നാൽ പിന്നീട് കാറിനെക്കുറിച്ച് ഇവരാരും സംസാരിക്കുന്നില്ലെന്നാണ് ദീപിക പറയുന്നത്.
സ്‌കോഡ കമ്പനിക്കാർ ഇവർക്ക് പണം ലഭിച്ചിട്ടില്ലെന്നും അവർക്ക് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞ് ഒഴിയുകയാണ്. ഇതേക്കുറിച്ച് ലോൺ നൽകിയ ബാങ്കിന്റെ ഭാഗത്ത് നിന്ന് അന്വേഷണം ഉണ്ടായപ്പോൾ ആദ്യം കൂടെയുണ്ടെന്ന് പറഞ്ഞ സ്‌കോഡ ഉത്തരവാദിത്തത്തിൽ നിന്ന് പിന്നീട് ഒഴിയുകയായിരുന്നു. ഇങ്ങനെ കാർ നിർമ്മാണക്കമ്പനിയും ഡീലറും ചേർന്ന് ദീപികയെ വഞ്ചിക്കുകയായിരുന്നു എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
മലയാളം മോട്ടോഴ്‌സ് എം.ഡിയായിരുന്ന ഷമീർ മരക്കാറെ ഇതിനെ സംബന്ധിച്ച് വിളിച്ച് അന്വേഷിച്ചപ്പോൾ എന്നെ തൂക്കിക്കൊന്നാലും നൽകാൻ ഇപ്പോൾ പണമില്ലന്നും. കഴിയുമ്പോൾ തന്നു തീർക്കാമെന്നുമാണ് അറിയിച്ചതെന്നും ദീപിക ബൈജു എൻ. നായരോട് വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ ഫോൺ എടുക്കാത്ത അവസ്ഥയിലാണ് ഷമീർ മരക്കാർ. നിയമ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ കോടതി നോട്ടീസ് കൈപ്പറ്റാൻ മലയാളം മീഡിയക്ക് നിലവിൽ ആരുമില്ലാത്ത അവസ്ഥയാണ്.