കക്ഷിയും വക്കീലും ഇനി കോടതിയിൽ പോകണ്ട ; രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്

24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്ത് വേണമെങ്കിലും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും സാധിക്കുമെന്നതാണ് 24x7 ഓൺലൈൻ കോടതിയുടെ പ്രത്യേകത.

കൊല്ലം: രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്. 24×7 ഓൺലൈൻ കോടതി ആരംഭിച്ചതോടെ ഇനി മുതൽ കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ കേസുകൾ തീർപ്പാക്കാൻ സാധിക്കും. ഇന്ന് മുതലാണ് 24×7 ഓൺലൈൻ കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്സൈറ്റിൽ നിശ്ചിത ഫോറം വഴിയാണ് സമർപ്പിക്കുക.

കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായിട്ടായിരിക്കും നടക്കുക. കൂടാതെ കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും മാത്രമാണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.

അതേസമയം, 24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്ത് വേണമെങ്കിലും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും സാധിക്കുമെന്നതാണ് 24×7 ഓൺലൈൻ കോടതിയുടെ പ്രത്യേകത. പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈനായിട്ടായിരിക്കും അയക്കുക. കൂടാതെ ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യം എടുക്കാനും സാധിക്കും. കോടതി ഫീസ് ഈ പെയ്മെൻറ് വഴിയാണ് അടയ്‌ക്കേണ്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments