തന്നെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഏറ്റുമുട്ടൽ എന്തിനാണെന്നുമുള്ള ചോദ്യവുമായി എൻ. പ്രശാന്ത് ഐഎഎസ്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പരസ്യമായി വിമർശിച്ചതിന് സസ്‌പെൻഷന് വിധേയമാക്കപ്പെട്ടതിന് ശേഷമാണ് പ്രശാന്തിന്റെ പ്രതികരണം. രാഷ്ട്രീയ പ്രവേശത്തിന് ലക്ഷ്യമിടുന്നുവെന്നുള്ള അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. എനിക്ക് പറ്റിയ മേഖലയാണ് രാഷ്ട്രീയം എന്ന് തോന്നുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് പ്രശാന്ത് ചോദിച്ചു.
സത്യം പറയാൻ അവകാശമുണ്ട്. അതിന്റെ പേരില്‍ തന്നെ കോർണർ ചെയ്യേണ്ട കാര്യമില്ല. അഭിപ്രായ പ്രകടനത്തിലാണ് താൻ വിശ്വാസിക്കുന്നത്. ഭരണഘടനയാണ് അടിസ്ഥാന തത്വം. അങ്ങനെ ഒരു അഭിപ്രായം പറയുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് പറയുന്നതിനെ പ്രശാന്ത് വിമർശിച്ചു. ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന വാദങ്ങളെയും തള്ളി. താൻ നിയമം പഠിച്ച വ്യക്തിയാണെന്നും തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് കരുതുന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ് ഇതെന്നും. ഉത്തരവ് കിട്ടിയിട്ട് വിശദമായി പ്രതികരിക്കാമെന്നും പ്രശാന്ത് സൂചിപ്പിച്ചു. ഫ്രീഡം ഓഫ് സ്പീച്ചിന്റെ ഭാഗമായാണ് തന്റെ അഭിപ്രായ പ്രകടനമെന്നും അതിനെന്തിനാണ് ഏറ്റുമുട്ടലെന്നും പ്രശാന്ത് ചോദിച്ചു.
എന്തായാലും ഓർഡർ കിട്ടിയിട്ട് പ്രതികരിക്കാമെന്നുള്ള പ്രതികരണത്തിലൂടെ ജയതിലകിനെതിരെ ഇനിയും വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.