പത്തനംതിട്ട: സിപിഎം പേജിൽ രാഹുൽമാങ്കൂട്ടത്തിലിന്റെ വീഡിയോ ഹാക്ക് ചെയ്തത് വഴിയാണ് വന്നതെന്ന വാദം പൊളിഞ്ഞു. വീഡിയോ അപ് ലോഡ് ചെയ്തത് ഗ്രൂപ്പിന്റെ അഡമിന്മാരിലൊരാൾ തന്നെ. പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജ് ആരും ഹാക്ക് ചെയ്തില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഉപതിരഞ്ഞെടുപ്പ് ആവേശത്തിനിടെ പത്തനംതിട്ട സിപിഎം പേജിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർത്തിയായ രാഹുലിനെ പ്രശംസിച്ചുള്ള വീഡിയോ വന്നത്. വീഡിയോ വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും സിപിഎം സൈബർ സഖാക്കൾക്ക് പറ്റിയ അമളി വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ വീഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ന്യായീകരണം.
എന്നാല്‍ സംഭവം ഹാക്കിങ്ങല്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. സംഭവത്തില്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.
അത് മാത്രമല്ല അതേസമയം വിവാദമായപ്പോഴും ഇക്കാര്യത്തിൽ പോലീസിനെ സമീപിക്കാൻ സി പി എം തയ്യാറായിരുന്നില്ല. ഏറെ വൈകിയാണ് വിഷയത്തിൽ സിപിഎം പരാതി നൽകിയത് . എന്തുകൊണ്ട് പോലീസിനെ സമീപിക്കാൻ വൈകുന്നുവെന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറി ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നായിരുന്നു പാർട്ടി കേന്ദ്രങ്ങൾ നൽകിയ വിശദീകരണം.
അതിനിടയിൽ നേതൃത്വം വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് അഡ്മിൽ പാനലിൽ തന്നെയുള്ള ആൾക്കാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തിയത്. ഇയാളെ മാറ്റിയെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സംഭവം ഹാക്കിങ്ങ് അല്ലെന്ന വാർത്തകൾ വന്നതോടെ സി പി എമ്മിനെതിരെ വീണ്ടുമൊരു ആയുധം ലഭിച്ചതിന്റെ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്.