CrimeNews

ബാങ്ക് കള്ളനെ കടത്തിവെട്ടി പോലീസ് അന്വേഷണം! റിജോ ആന്റണിയെ കുടുക്കിയത് ഇങ്ങനെ

മോഷ്ടിച്ച പണത്തിൽ 2.90 ലക്ഷം കടംവീട്ടിയെന്നും മദ്യം വാങ്ങിച്ചെന്നും പ്രതി

കൊച്ചി: പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് പട്ടാപ്പകൽ 15 ലക്ഷം രൂപ കവർന്നെടുത്ത റിന്റോ എന്ന് വിളിക്കുന്ന റിജോ ആന്റണിയെ പോലീസ് കുടുക്കിയത് വ്യാപകമായ അന്വേഷണത്തിൽ. ദീർഘകാലം ഗൾഫിൽ ജോലി ചെയ്ത വ്യക്തിയാണ് റിജോ. ഒരുതരത്തിലും തിരിച്ചറിയരുതെന്ന ആസൂത്രണത്തോടെയാണ് ഇയാൾ മോഷണം നടത്തിയത്. ഹെൽമറ്റിനുള്ളിൽ മങ്കി ക്യാപ്, കൂളിങ് ഗ്ലാസ് എന്നിവ ധരിച്ചിരുന്നു. വിരലടയാളം പതിയാതിരിക്കാൻ കൈയുറ ഉപയോഗിച്ചു. രണ്ട് ടി ഷർട്ടും അതിന് മുകളിൽ ജാക്കറ്റുമായിരുന്നു വേഷം.

സ്വന്തം ഇരുചക്ര വാഹനത്തിന്റെ നമ്പർ പ്ലേയ്റ്റും റിവ്യു മിററും മാറ്റിയാണ് ബാങ്കിലേക്ക് എത്തിയത്. മോഷണം നടത്തി തിരിച്ചുപോകുന്ന വഴിക്ക് 500 മീറ്ററിനുള്ളിൽ തന്നെ ഈ റിവ്യു മിറർ ഇയാൾ തിരികെ സ്ഥാപിച്ചു. ഇത് റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കൺഫ്യൂഷൻ സൃഷ്ടിക്കുകയായിരുന്നു. പോകുന്ന വഴിക്ക് മൂന്ന് തവണ വസ്ത്രം മാറി. ഇതും രണ്ടുദിവസം പോലീസിനെ ചുറ്റിക്കാൻ ഇയാൾക്ക് സാധിച്ചു. സ്‌കൂട്ടറിന്റെ നമ്പർ പ്ലെയ്റ്റ് ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയിട്ട് അവിടിരുന്ന ഒരു ബൈക്കിന്റെ നമ്പർ പ്ലെയ്റ്റ് മോഷ്ടിച്ച് ഉപയോഗിക്കുകയായിരുന്നു.

എന്നാൽ ഇത്രയധികം മാറ്റങ്ങൾ വരുത്തിയിട്ടും ഷൂസിന് അടിയിലെ ഒരു നിറമാണ് പോലീസിന് ആദ്യം പ്രതിയിലേക്ക് സൂചന നൽകിയത്. മോഷണം നടത്തുന്നതിന് നാലഞ്ച് ദിവസം മുമ്പ് ഈ ബാങ്കിലെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ചിരുന്നു. ബാങ്കിന് എതിർവശത്തുള്ള പള്ളിയിലും റോഡിലും ആൾതിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കുകയായിരുന്നു.

പണം പലയിടത്തായി ഉണ്ടെന്നും എന്നാൽ പോലീസിന് ഇത് സ്ഥിരീകരിക്കാനുണ്ട്. ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് കളഞ്ഞു, ഒടുവിൽ ഭാര്യ നാട്ടിൽ വരുമെന്നായപ്പോൾ മോഷണത്തിനിറങ്ങി. ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന വൻ കവർച്ചയുടെ കാരണമെന്തെന്ന് തിരക്കിയ പൊലീസിനോട് പിടിയിലായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി പറഞ്ഞത് ഇങ്ങനെ.

ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തത്. ധൂർത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം. 15 ലക്ഷം രൂപയിൽ 5 ലക്ഷം ഇയാൾ ചെലവാക്കിയെന്നാണ് വിവരം. ബാക്കി 10 ലക്ഷമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും പൊലീസ് ഉപയോഗിച്ചു. ബാങ്കിലെ അക്കൗണ്ടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. ഒടുവിൽ പ്രതി പ്രദേശവാസി തന്നെയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ബാങ്ക് കവർച്ചാക്കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ആയിരുന്നു പൊലീസിന്റ അന്വേഷണം.

ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ് അന്വേഷണം പുരോഗമിച്ചത്. സംഭവ ദിവസം രാത്രി 11 വരെ ബാങ്ക് ജീവനക്കാരെ പുറത്തുപോകാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും അവധിയിലായിരുന്ന ഒരാളിൽ നിന്നും പലവട്ടം മൊഴിയെടുത്തു. മുഴുവൻ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീണ്ടുമെത്തി മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന് 52ാം മണിക്കൂറിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *