അമേരിക്കയുടെ 47ആമത് പ്രസിഡന്റായി ട്രംപ്
വാഷിങ്ടണ്‍; അമേരിക്കയുടെ 47ആമത് പ്രസിഡന്റായി ട്രംപ്. രണ്ടാമതും തന്റെ അധികാര സ്ഥാനം അരക്കിട്ടുറപ്പിച്ച ട്രംപ് 270 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എതിരാളിയും ജയിച്ചാല്‍ ആദ്യത്തെ അമേരിക്കന്‍ വനിതാ പ്രസിഡന്റാകേണ്ടി യിരുന്ന കമല ഹാരിസ് 224 ഇലക്ടറല്‍ വോട്ടുകള്‍ നേടി പരാജിതയായി. കടുത്ത മത്സരമാണ് നടന്നത്. അതിനാല്‍ തന്നെ ലോകം ഉറ്റുനോക്കുന്ന ഇലക്ഷനായിരുന്നു അമേരിക്കയില്‍ ഇത്തവണ നടന്നത്.
20 വര്‍ഷത്തിനിടെ രണ്ടാം തവണ അധികാരത്തിലെത്തുന്ന രണ്ടാമത്തെ റിപ്പബ്ലിക്കന്‍ നേതാവെന്ന പദവിയും ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിയും ഈ 78 കാരന് ഇപ്പോള്‍ സ്വന്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ്ജ് ബുഷാണ് ട്രംപിന് മുന്‍പ് രണ്ട് തവണ അമേരിക്കയുടെ പ്രസിഡന്റ് ആയത്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, അരിസോണ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, നെവാഡ എന്നിവിടങ്ങളിലെല്ലാം ട്രംപാണ് മുന്നിട്ട് നിന്നത്.
പകുതി വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ അധികാരം ഉറപ്പിച്ചിരുന്നു. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം ‘ഇത് ന്യായമായ തിരഞ്ഞെടുപ്പാണെങ്കില്‍’ പരാജയം സമ്മതിക്കാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ വിജയം മുന്നില്‍ കണ്ട് കൊണ്ട് തന്നെ ഇന്ത്യ,ചൈന, സൗദി അറേബ്യ തുടങ്ങി ഒട്ടുമിക്ക രാജ്യ തലവന്‍മാരും ഇതിനോടകം തന്നെ ട്രംപിന് ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. 2025 ജനുവരി 20നാണ് ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്.