പോലീസ് റെയ്ഡ്: അഭിമാനക്ഷതമുണ്ടായെന്ന് കോൺഗ്രസ് വനിത നേതാക്കൾ

Palakkad Police Raid in Congress leader room

പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ പാതിരാത്രിയിൽ നടന്ന പൊലീസ് റെയ്ഡിൽ മറുപടിയുമായി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും. മുറിയിലുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വനിത നേതാക്കൾ വ്യക്തമാക്കി.

മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും സ്ത്രീ എന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയുണ്ടായതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്. അത് കഴിഞ്ഞ് വാതിലിൽ തള്ളി. മുറിയുടെ ബെല്ലടിച്ച ശേഷം മുറി തുറക്കണമെന്ന് ആവശ്യപ്പെട്ടു. നാല് പുരുഷ പൊലീസുകാർ യൂനിഫോമിൽ ഉണ്ടായിരുന്നു.

വസ്ത്രം മാറിയ ശേഷം താൻ പുറത്തുവന്നു. യൂണിഫോം ഇല്ലാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നതിനാൽ തിരിച്ചറിയൽ കാർഡ് ചോദിച്ചു. അവർ കാർഡ് കാണിച്ചില്ല. വനിത പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങളടക്കം മുഴുവൻ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. ശുചിമുറിയിലും കിടക്കക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിൻറെ വിവരങ്ങൾ എഴുതി തരണമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഷാനിമോൾ വ്യക്തമാക്കി.

മുറി തുറക്കാത്തതിൽ ദുരൂഹത സംശയിച്ചെന്ന് സി.പി.എം രാജ്യസഭ എം.പി എ.എ റഹീമിൻറെ പ്രസ്താവനയോട് ഷാനിമോൾ രൂക്ഷമായി പ്രതികരിച്ചു. ‘റഹീമിൻറെ സംസ്‌കാരമല്ല എൻറെ സംസ്‌കാരം എന്ന് മനസിലാക്കണം. എൻറെ മുറി എപ്പോൾ തുറക്കണമെന്ന് ഞാൻ തീരുമാനിക്കും. അർധരാത്രി വെളിയിൽ നാലു പുരുഷ പൊലീസുകാർ നിൽക്കുമ്പോൾ ഞാൻ കതക് തുറക്കണമെന്ന് പറയാൻ അയാൾക്ക് നാണമില്ലേ. അയാളോട് പുച്ഛവും സഹതാപവും തോന്നിയ ദിവസമായിരുന്നു ഇന്നലത്തേത്.

ഒറ്റക്ക് താമസിക്കുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങൾ. ഞങ്ങളെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈ അസമയത്തെ പരിശോധനയും മറ്റും കാണുകയല്ലേ. കേരളത്തിൽ ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. കേരളത്തെ 25 വർഷം പുറകോട്ട് കൊണ്ടു പോകുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും’-ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായെന്ന് ബിന്ദു കൃഷ്ണയും പ്രതികരിച്ചു. ഉറങ്ങി കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷന്മാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭർത്താവുമാണ് മുറിയിലുണ്ടായിരുന്നത്.

പൊലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടികൾ മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവൻ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയില്ലെന്ന് എഴുതി തരാൻ പറഞ്ഞു. വലിയ ഗൂഢാലോചനയാണ് നടന്നത്. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായതെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments