തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എത്തുന്നതിൽ ഭയമുണ്ടെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒരിക്കൽ പൊതുമധ്യത്തിൽ ഒറ്റ തന്ത പ്രയോഗം പ്രയോഗിച്ച സുരേഷ് ഗോപി ഇനി കുട്ടികളോടും അത്തരത്തിൽ സംസാരിച്ചാലോ എന്ന ഭയമാണെന്ന് വിദ്യഭ്യാസമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട്.
എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും മന്ത്രി പറഞ്ഞു. ഐക്യ കേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവ വികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റതന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റതന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’– മന്ത്രി പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം ‘ഒറ്റ തന്ത’ പ്രയോഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത് എത്തിയിരുന്നു. ജനപ്രതിനിധിയായി ഇരിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞ്. ‘സുരേഷ് ഗോപിക്ക് താഴെക്കിടയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയുള്ള പരിചയക്കുറവുണ്ട്. സ്വയം രാജാവാണെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
ഫ്യൂഡല്‍ ചിന്താഗതിയാണ് അദ്ദേഹത്തിന്. ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്താറുണ്ട്. ഇതിനെപ്പറ്റി ആരും ചര്‍ച്ച ചെയ്തില്ല. പണ്ടത്തെ പോലെ കേന്ദ്ര സര്‍ക്കാര്‍ പൂട്ടുമോ എന്ന ഭയമാണ് മാധ്യമങ്ങള്‍ക്ക്. ഒരു കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹം പറഞ്ഞത്’, എന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.