റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റിയിരിക്കുകയാണ്. സ്വന്തം പ്രായം പോലും തിരിച്ചറിയാനാകാത്ത മന്ത്രിയായി അദ്ദേഹം മാറിയെന്നാണ് എതിരാളികളുടെ സംസാരം. 2019ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഹേമന്ത് സോറന്റെ പ്രായം 42 വയസായിരുന്നുവെന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം 2024ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യാവാങ്മൂലത്തില്‍ വയസ് 49 ആണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് രണ്ട് വയസ് കൂടിയോ എന്നാണ് എതിര്‍ഭാഗം ചോദിക്കുന്നത്. തെറ്റായ പ്രഖ്യാപനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ അയോഗ്യതയില്‍ കലാശിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വളരെ ശ്രദ്ധയോടെയാണ് സമര്‍പ്പിക്കുന്നത്. ബിജെപി ഹേമന്ത് സോറന്റെ പ്രായ വ്യത്യാസം കണ്ടുപിടിച്ച് പണികൊടുക്കാന്‍ നോക്കിയപ്പോള്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് രക്ഷ യ്‌ക്കെത്തുകയും നന്നായി പരിശോധിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സോറന്റെ ഏറ്റവും പുതിയ സത്യവാങ്മൂലം പരിശോധിച്ച ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെ രവി കുമാര്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരു പരാതിയും തന്റെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ പ്രായത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്നും ഈ രാജ്യത്തെ നിയമം എല്ലാവര്‍ക്കും തുല്യമായതിനാല്‍ ഹേമന്ത് സോറനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദീപക് പ്രകാശ് വ്യക്തമാക്കിയത്.