ഇനി മുതൽ വിദേശത്തിരുന്നുകൊണ്ട് ഇന്ത്യയിലെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഭക്ഷണം ഓർഡർ ചെയ്യാം . ഇതിനായി പുതിയ ഒരു ഫീച്ചർ ഇറക്കിയിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറാണ് സ്വിഗ്ഗി തന്റെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിനായി പ്രവാസികളുടെ ഇന്റർനാഷണൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ സ്വിഗ്ഗിയിൽ ലോഗിൻ ചെയ്യാം. ഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നതിന് സ്വിഗ്ഗിയുടെ ക്വിക് കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റമാർട്ടിലൂടെ നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്നു ഓർഡർ ചെയ്യാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു.
27 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാവുക. അമേരിക്ക, കാനഡ, ജർമനി, യു കെ, ഓസ്ട്രേലിയ, യു എ ഇ എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ യു പി ഐ വഴിയോ പൈസ അടയ്ക്കാൻ സാധിക്കും. ദീപാവലിയോട് അനുബന്ധിച്ച് പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ മികച്ച പ്രതികരണം ആണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്.
നാട്ടിൽ ഉള്ള പ്രായമായ മാതാപിതാക്കൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്നു ഓർഡർ ചെയ്യാമെന്ന് സ്വിഗ്ഗി അറിയിച്ചു. ദീർഘ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കാൻ സാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കി.
സ്വിഗ്ഗിയുടെ ഈ ഫീച്ചർ സ്ഥിരമായി പ്രവാസികൾക്ക് ലഭിക്കുന്നതാണ്. അറുന്നൂറോളം നഗരങ്ങളിലായി ഏതാണ്ട് 2 ലക്ഷത്തോളം റെസ്റ്റോറന്റുകൾ ആണ് സ്വിഗ്ഗിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. അവശ്യ സാധനങ്ങൾ നിമിഷങ്ങൾക്കുളിൽ തന്നെ ഓർഡർ പ്രകാരം വീടുകളിൽ എത്തിക്കാൻ സഹായിക്കുന്ന സ്വിഗ്ഗി ഇൻസ്റ്റമാർട്ട് 43 നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
നേരത്തെ സ്വിഗ്ഗി സീല്‍ ബാഡ്ജ്’എന്ന ഫീച്ചറും കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തിറക്കിയിരുന്നു. വൃത്തിയുടെ കാര്യത്തില്‍ ഹോട്ടലുകളെ ഒരു ‘പാഠം പഠിപ്പിക്കുക’ എന്ന ലക്ഷ്യത്തെ തുടർന്നാണ് ഇത്തരം ഫീച്ചർ സ്വിഗ്ഗി കൊണ്ടുവന്നത് . ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഭക്ഷണം പാക്ക് ചെയ്ത രീതി, അവ സെര്‍വ് ചെയ്ത രീതി എന്നതെല്ലാം വെച്ച് റേറ്റിംഗ് നല്‍കാവുന്നതാണ്. ഇവ കൂടാതെ ഭക്ഷണം പാകം ചെയ്ത രീതി ശരിയല്ലെങ്കിൽ ഉപഭോക്താവിന് സ്വിഗിയോട് പരാതിപ്പെടാം. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വിഷയമാണെങ്കില്‍ സ്വിഗ്ഗി ഹോട്ടലുകള്‍ക്ക് സീല്‍ ബാഡ്ജ് നൽകുന്നതല്ല.