KeralaLoksabha Election 2024News

പ്രചാരണത്തിനില്ല; ജോസ് കെ മാണിയുടെ ഗതികേട്

കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എം പി ഊരാക്കുടുക്കിൽ. കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് വയനാട്ടിലേത്. പ്രിയങ്കഗാന്ധിക്കെതിരെ സിപിഎം പ്രചാരണത്തിനിറങ്ങുന്ന വിഷയത്തിൽ പെട്ടുപോയിരിക്കുകയാണ് എം പി ജോസ് കെ മാണി. ഇന്ത്യാ സഖ്യത്തിലെ പ്രചാരണസമിതിയുടെ ചുമതലക്കാരില്‍ പ്രധാനിയും, മുഖ്യ നേതാവും കൂടിയായ ഇദ്ദേഹം പ്രിയങ്കയ്ക്കെതിരെ പ്രചാരണം നടത്തുകയാണെങ്കിൽ നേതൃത്വത്തിന്റെ വിദ്വേഷത്തിന് ഇരയാകേണ്ടി വരും. എന്നാൽ ഇടത് മുന്നണിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിൽ അവിടെയും പണി പാളും. ഇതോടെ ഇരു മുന്നണികളിലും വിശദീകരണങ്ങൾ നൽകേണ്ടി വരുന്ന അവസ്ഥയാണ്. ആകെ കുഴഞ്ഞ അവസ്ഥ.

പ്രിയങ്ക ഗാന്ധിയുടെ ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് മത്സരമായത് കൊണ്ട് തന്നെ വയനാട് ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കന്മാരെല്ലാം തന്നെ പ്രിയങ്കയെ പിന്തുണച്ചുകൊണ്ട് വയനാട്ടിൽ പ്രചാരണ പരിപാടിക്കായി എത്തുന്നതാണ്. ഇത് ജോസ് കെ മാണിയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . കാരണം, ഇന്ത്യാ സഖ്യത്തിലെ പ്രചാരണസമിതിയംഗമെന്ന നിലയില്‍ പ്രചാരണ പരിപാടികള്‍ക്ക്‌ രൂപം നല്‍കുന്ന കമ്മിറ്റിയുടെ ഭാഗമാണ്‌ അദ്ദേഹം. പ്രിയങ്കയാകട്ടെ, ഇന്ത്യാ സഖ്യം രൂപപ്പെടുത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിച്ച നേതാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്‌ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി ജോസ്‌ കെ. മാണി പോയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ മാത്രം പോയിരുന്നില്ല . മറ്റ്‌ മണ്ഡലങ്ങളിലെ പ്രചരണ ചുമതല ഉണ്ടായിരുന്നതിനാലാണ്‌ വയനാട്ടില്‍ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാതിരുന്നതെന്നാണ്‌ അന്നു പാര്‍ട്ടി നേതൃത്വം വിശദീകരണം നൽകിയത്. എന്നാൽ ഇത്തവണ അത് നൽകാൻ സാധിക്കില്ല.

സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുതുകൊണ്ടാണ് ദേശീയതലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും പരസ്‌പരം മത്സരിക്കാൻ തയാറായത്. സംസ്ഥാനത്തിന് പുറത്തും ഇരു മുന്നണികളും പരസ്പരം മത്സരം നടത്തുന്നുണ്ട്. ഇത്തവണ പാര്‍ലമെന്റ്‌ സീറ്റീല്‍ വയനാട്ടില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങിയില്ലെങ്കില്‍ അത്‌ വലിയ രാഷ്‌ട്രീയ പ്രശ്നങ്ങൾ രൂപപ്പെടാൻ കാരണമാകും.

കേരളാ കോണ്‍ഗ്രസ്‌(എം) ഇടതുമുന്നണിയുടെ ഭാഗമാണ്. എന്നിരുന്നാലും, സി.പി.ഐയും കേരളാ കോണ്‍ഗ്രസ്‌ എമ്മും തമ്മിലെ പ്രശ്നങ്ങൾ രാഷ്‌ട്രീയ തലത്തിൽ വലിയ കോളിളക്കം സൃഷിടിച്ച ഒന്നാണ്. സി.പി.എം. കേരളാ കോണ്‍ഗ്രസിന്‌ സി.പി.ഐയേക്കാള്‍ പ്രധാന്യം നല്‍കുന്നുവെന്നു പലയിടങ്ങളിലും പരാതി ഉയർന്നുവരുന്നുണ്ട് . മാത്രമല്ല കേരളാ കോണ്‍ഗ്രസ്‌ ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും പ്രവര്‍ത്തകള്‍ക്ക്‌ ഇടതു മനസ്‌ വന്നിട്ടില്ലെന്നാണ്‌ സി.പി.ഐ. പറയുന്നത്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) എടുക്കുന്ന നിലപാട്‌ വരും കാലങ്ങളിൽ ഒരു പ്രധാന വഴിത്തിരിവ് സൃഷ്ടിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *