NationalNews

ഹൈഡ്രജന്‍ ട്രെയിന്‍; പുതു ചരിത്രമെഴുതാന്‍ ഇന്ത്യന്‍ റെയില്‍വേ

പുതു ചരിത്രമെഴുതാന്‍ ഇന്ത്യന്‍ റെയില്‍വേ. കാര്‍ബണ്‍ ഫ്രീ യാത്ര എന്ന നിലയ്ക്കുള്ള തീവണ്ടി യാത്രക്കായി രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ തയ്യാർ. ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കുമെന്ന് റെയിൽവേ . ഇതിനായുള്ള പുത്തന്‍ ട്രെയിന്‍ തമിഴ്‌നാട്ടിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ സജ്ജമായിക്കഴിഞ്ഞു.

പരീക്ഷണ ഓട്ടം വിജയിച്ചാല്‍ 2025 ഓടെ 35 ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി. 80 കോടിയാണ് ഒരു ട്രെയിനിന്റെ ചെലവായി കണക്കാക്കുന്നത്. ഇതിന് പുറമെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 70 കോടി രൂപയും വേണം.

ചൈന, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ ഹൈഡ്രജന്‍ ട്രെയിൻ പരീക്ഷണം വിജയിച്ചാൽ ഇന്ത്യൻ ​ഗതാ​ഗത മേഖലയ്ക്ക് ഒരു പുതു ചരിത്രമായി മാറും ഇത്.

പരീക്ഷണ സര്‍വീസ് ദിനം ഏതായിരിക്കുമെന്ന് ഉറപ്പായിട്ടില്ലെങ്കിലും ഹരിയാനയിലെ ജിന്‍ഡ്-സോനിപത് റൂട്ടിലെ 90 കിലോമീറ്ററിലാവും ഓട്ടമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്നതാണ് ഹൈഡ്രജന്‍ ട്രെയിന്‍.

ഹൈഡ്രജന്‍ ഫ്യൂവെല്‍ സെല്‍ വഴിയുണ്ടാക്കുന്നതാണ് ഇതിന്റെ ഇന്ധനം. നീരാവി മാത്രമാണ് പുറന്തള്ളുന്നത് എന്നതുകൊണ്ടുതന്നെ സമ്പൂര്‍ണ പരിസ്ഥിതി സൗഹാര്‍ദ യാത്ര എന്ന കാറ്റഗറിയിലാണ് ട്രെയിന്‍ ഉള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *