ആലപ്പുഴ : പുതിയ ട്രെയിൻ വേണമെന്ന ആവശ്യവുമായി യാത്രക്കാർ. തീരദേശപാതയിലൂടെ യാത്ര ചെയ്യുന്നവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കോട്ടയം ഭാഗത്തെ തിരക്ക് കണക്കിലെടുത്ത് പുതിയ കൊല്ലം–എറണാകുളം മെമു സർവീസ് ആരംഭിച്ചതുപോലെ, ആലപ്പുഴ മുതൽ എറണാകുളം വരെ ഒരു പുതിയ ട്രെയിൻ അനുവദിക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
നിലവിൽ വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന എറണാകുളം-ആലപ്പുഴ പാസഞ്ചറും (06015), 6.25 ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറും (06451) മാത്രമാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഈ സമയങ്ങളിൽ എക്സ്പ്രസ്സ് ട്രെയിനുകൾ ഉണ്ടായിരുന്നാലും, എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾ നിർത്താറില്ല. അതിനാൽ തന്നെ ഇത് പരിഹരിക്കുന്നതിനായി പുതിയ മെമു സർവീസുകൾ രാവിലെയും വൈകിട്ടും അനുവദിക്കണമെന്നാണ് ആവശ്യം.
കൊല്ലം–എറണാകുളം റൂട്ടിൽ പുതിയതായി ആരംഭിച്ച മെമു ട്രെയിൻ സർവീസിന്റെ മടക്കയാത്ര സമയക്രമം പുനഃക്രമീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്നുള്ള രാവിലത്തെ 9.50 മടക്കയാത്ര ഉച്ചകഴിഞ്ഞ് മൂന്നിന് മാറ്റണമെന്നാണ് ആവശ്യം. അതേസമയം, ആലപ്പുഴയിൽ ജോലിക്ക് എത്തുന്നവർക്ക് ആവശ്യത്തിനു ട്രെയിനുകൾ കുറവാണ്. കൂടാതെ തിരുവനന്തപുരത്ത് നിന്നും ജോലിക്കായി ആലപ്പുഴയിൽ എത്തുന്നവരും ഇതേ പ്രശ്നം നേരിടുന്നുണ്ട്.