
-പി.ജെ. റഫീഖ്-
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ചുമതല പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനെ ഏൽപിക്കാനുള്ള നീക്കവും സജീവമാണ്.
3 തവണ ചികിൽസക്കായി അമേരിക്കയിലേക്ക് പറന്നപ്പോഴും മുഖ്യമന്ത്രിയുടെ ചാർജ് പിണറായി ആർക്കും കൈമാറിയിരുന്നില്ല. തന്റെ പിൻഗാമി മകളുടെ ഭർത്താവ് മുഹമ്മദ് റിയാസ് എന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നതെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ നീക്കം സിപിഎം നേതാക്കൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു.
മന്ത്രിസഭയിൽ ആരും മുഖ്യമന്ത്രിയുടെ നീക്കത്തെ എതിർക്കില്ല. വാസവൻ, വീണ ജോർജ് , ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ സിപിഎം മന്ത്രിമാരും പിണറായി ഭക്തർ എന്നതു പോലെ റിയാസ് ഭക്തരും ആണ്. എം.ബി. രാജേഷ് മാത്രമാണ് റിയാസിൽ നിന്ന് അകലം പാലിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പോലും പരാജയപ്പെട്ട മുഹമ്മദ് റിയാസിന് മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് ആയതോടെയാണ് രാശി തെളിഞ്ഞത്.
സ്ഥലം എം.എൽ.എ യെ മാറ്റി റിയാസിനെ 2021 ൽ എം.എൽ.എ സീറ്റിൽ മൽസരിപ്പിച്ചതിൽ തുടങ്ങിയ പിണറായിയുടെ ഓരോ നീക്കവും വ്യക്തമായ കണക്കുകൂട്ടലിൽ ആയിരുന്നു. പുതിയ മന്ത്രിമാർ മതി എന്ന അടുത്ത തീരുമാനത്തിലൂടെ ആരോഗ്യ മന്ത്രി കസേര പ്രതീക്ഷിച്ച ശൈലജ ടീച്ചർ ഔട്ട്.
2 തവണ എം.എൽ.എ ആയ ന്യൂനപക്ഷ സമുദായാംഗമായ എ.എൻ.ഷംസീർ മന്ത്രി കസേര സ്വപ്നം കണ്ട് ഇരിക്കുമ്പോൾ ഷംസീറിനെ വെട്ടി റിയാസിനെ മന്ത്രി കസേരയിൽ ഇരുത്തിയാളാണ് പിണറായി. അതും ഏറ്റവും സുപ്രധാനമായ മരാമത്ത് ടൂറിസം വകുപ്പിന്റെ തലപ്പത്ത്.
പിണറായിയുടെ ശിപായി റോളിലാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവായ്ക്ക് എതിർവാ ഇല്ല. ഗോവിന്ദനെ പിണറായി പാർട്ടി സെക്രട്ടറിയാക്കിയത് ചുമ്മാതല്ല. റിയാസിന് മുഖ്യമന്ത്രിയുടെ ചാർജ് കൊടുക്കാനുള്ള നീക്കത്തിനും ഗോവിന്ദൻ ചിരിച്ചു കൊണ്ടു തലകുലുക്കും എന്ന് പിണറായിക്കറിയാം.
യെച്ചൂരിയും ഇ പി ജയരാജനും ഐസക്കും ബേബിയും ബാലനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള ആരോഗ്യം ഇല്ലെന്നും മുഖ്യമന്ത്രിക്കറിയാം. കൂടി പോയാൽ ജി. സുധാകരൻ മാത്രം ഒരു കവിത എഴുതി പ്രതികരിക്കും. അത്ര തന്നെ. മുഖ്യമന്ത്രിയുടെ ആരോഗ്യ നില കണക്കിലെടുത്താണ് നവകേരള സദസിന് ടോയ്ലെറ്റ് സൗകര്യമുള്ള ആഡംബര ബസ് തയ്യാറാക്കിയത്. കാരവൻ വാങ്ങുന്നതും ഈ പശ്ചാത്തലത്തിൽ ആണ്.
ചികിൽസ രണ്ട് മാസം വരെ നീണ്ടേക്കും. 75 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ 2 തവണത്തെ അമേരിക്കൻ ചികിൽസക്ക് ചെലവായത്. യാത്ര, മറ്റ് അനുബന്ധ ചെലവുകൾ അടക്കം 2 അമേരിക്കൻ യാത്രയുടെ ചെലവ് 2 കോടിക്ക് മുകളിൽ വരും. ഭാര്യ കമല , പി.എ. സുനിഷ് എന്നിവരാണ് മുഖ്യമന്ത്രിയെ അമേരിക്കൻ യാത്രയിൽ അനുഗമിച്ചത്.
- സ്റ്റാഫ് റൂം കത്തിച്ചത് ഒരു റിലീഫ് ആയിരുന്നു… ‘മരണമാസ്സ്’ വിഷുവിന് എത്തും | Basil Joseph
- അക്ഷർ പട്ടേൽ ഡൽഹി ക്യാപിറ്റൽസ് നായകൻ
- സ്വര്‍ണവില 65,000 രൂപയും കടന്ന് പുതിയ ഉയരത്തില്‍; ഗ്രാമിന് 8230
- കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട; പിടിയിലായവരിൽ SFI നേതാവും
- കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട, മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; മദ്യക്കുപ്പികളും കോണ്ടവും കണ്ടെടുത്തു