പാലക്കാട്: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരസ്യ വിയോജിപ്പ് അറിയിച്ച പി സരിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നായിരുന്നും പരിശോധിക്കണമെന്നുമാണ് സരിൻ പത്ര സമ്മേളനം വിളിച്ച് പറഞ്ഞത്. ഇക്കാര്യത്തിൽ അച്ചടക്ക ലംഘനം ഉണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയത്.
കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ കൂടിയാണ് അതൃപ്തി പരസ്യമാക്കിയ പി സരിൻ. പരസ്യ പ്രതികരണം ശരിയായില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിമർശനം. സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവാണെന്നും സുധാകരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്. ദിവ്യ കൊലപാതകിയാണെന്നായിരുന്നും രാജി വയ്ക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.