പട്ന: ബീഹാറില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. ബീഹാറിലെ സിവാന്‍ ജില്ലയിലെ മധാര്‍ പ്രദേശത്താണ് മദ്യ ദുരന്തം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഏഴു പേര് മരിക്കുകയും രണ്ടു പേര് ഗുരുതര ചികിത്സയിലുമാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം വ്യാജമദ്യം നല്‍കുന്ന കടയില്‍ ഒത്തുകൂടി ഇവര്‍ മദ്യപിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയതോടെ ഇവരുടെ കാഴ്ച നഷ്ടപ്പെടുകയും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സ തുടരുന്നതിനിടെ ആറ് പേരും മരിച്ചു. ഒരാൾ പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടിരുന്നു. അരവിന്ദ് സിംഗ് (40), രാമേന്ദ്ര സിംഗ് (30), സന്തോഷ് മഹ്‌തോ (35), മുന്ന (32), ബ്രിജ് മോഹന്‍ സിംഗ് (38) മോഹന്‍ ഷാ (28) എന്നിവരാണ് മരണപ്പെട്ടത്.
2016ല്‍ ബീഹാറിലെ ഗോപാല്‍ഗഞ്ച് പട്ടണത്തില്‍ 16 പേര്‍ വ്യാജമദ്യത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് വ്യാജ മദ്യ നിരോധന നിയമം നിലവില്‍ വന്നിരുന്നു. എന്നിട്ടും ഇത്തരമൊരു ദുരന്തം ആവര്‍ത്തിച്ചത് ദുഃഖകരമാണെന്നും മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.