ഹൈവേയില്‍ കോണ്‍സ്റ്റബിളിന്റെ കാണാതായ ഭാര്യയുടെയും മകളുടെയും മൃതദേഹം അര്‍ദ്ധനഗ്‌നമായ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൊലപ്പെടുത്തിയ പ്രതിയെ ബസില്‍ നിന്ന് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുല്‍ദീപ് സാഹുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സൂരജ്പൂരിലെ പിധ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ ദിവസം പിധ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന പോലീസുകാരന്‍ പതിവ് പോലെ ഡ്യൂട്ടിക്ക് പോയിരുന്നു. തിരികെ എത്തിയപ്പോല്‍ ഭാര്യയെയും മകളെയും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കണ്ടിരുന്നില്ല. വീട് ആകെ അലങ്കോലമായ നിലയിലായിരുന്നു കണ്ടത്. വാതില്‍ അടിച്ച് തകര്‍ത്തിരുന്നു. വീട്ടില്‍ പലയിടത്തും രക്തം കണ്ടിരുന്നു. അസ്വഭാവികത മനസിലാക്കിയ പോലീസുകാരന്‍ ഉടനെ സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിധ ഗ്രാമത്തിലെ ഹൈവേയില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹം അര്‍ദ്ധനഗ്‌നമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ലൈംഗികാതിക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ മനസിലായെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് സര്‍ഗുജ റേഞ്ച് അങ്കിത് ഗാര്‍ഗ് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവം പുറത്ത് വന്നതിന് പിന്നാലെ ജനങ്ങള്‍ രോക്ഷാകുലരായിരുന്നു.
17 ക്രിമിനല്‍ കേസുകളില്‍ സാഹു പ്രതിയാണ്. കൂടാതെ സൂരജ്പൂര്‍ പോലീസ് സ്റ്റേഷന്റെ ഗുണ്ട ലിസ്റ്റിലും ഇയാളുണ്ട്. സൂരജ്പൂര്‍ സ്വദേശിയായ സാഹുവിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നത്. പിന്നീട് ഇയാള്‍ തിരിച്ചെത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങി കഴിയുകയായിരുന്നു.
സംഭവത്തിലെ പ്രതി സാഹുവാണെന്ന് മനസിലാക്കിയ പോലീസ് ഞായറാഴ്ച്ച മാര്‍ക്കറ്റില്‍ ഉണ്ടെന്ന് മനസിലായെങ്കിലും പ്രതിയെ പിടിക്കാനായി ചെന്ന പോലീസുകാര്‍ക്ക് നെരെ തിളച്ച എണ്ണ ഒഴിച്ച് പ്രതി രക്ഷപ്പെട്ടു. പിന്നീട് ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ ബസില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കവര്‍ച്ച, പീഡനം, ആക്രമണം, കൊലപാതകം എന്നീ വിവിധ വകുപ്പുകല്‍ ചുമത്തി കേസെടുത്തു.