ബീഹാര്‍ : അറാറിയില്‍ ദുര്‍ഗാ പൂജ പന്തലിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് വെടിവെച്ചത്. പന്തലിനു നേരെ വെടിയുതിര്‍ത്തതിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .
അര്‍മാന്‍ അന്‍സാരി (19), സുനില്‍ കുമാര്‍ യാദവ് (26), റോഷന്‍ കുമാര്‍ (25), സിപാഹി കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അര്‍മാന് മുതുകിലും സുനിലിന് ഇടതുകൈയിലും റോഷന്റെ വലതു കാല്‍മുട്ടിന് താഴെയും സിപാഹിയുടെ അടിവയറ്റിലുമാണ് വെടിയേറ്റത്.
ഇതില്‍ സിപാഹിയെയും അര്‍മാനെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്ന് ചികിത്സയ്ക്ക് നേത്യത്വം നല്‍കുന്ന ഡോ.വികാഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. അവര്‍ ആരാണെന്നോ എന്തിനാണ് ഇത് ചെയ്തതെന്നോ വ്യക്തമല്ല, ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.