News

പാലക്കാട് രക്ഷയില്ല! പെരിന്തൽമണ്ണ ലക്ഷ്യമിട്ട് സഖാവ് പി. സരിൻ

അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്നാണ് പൊതുതത്വം. അവസരങ്ങള്‍ക്കുവേണ്ടി കാല് മാറുന്നയാളാണ് ഡോ. പി. സരിൻ എന്നാണ് കോണ്‍ഗ്രസുകാരുടെ പരിഹാസം. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ പരാജയം ഏറ്റുവാങ്ങിയെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അവസരം തേടുകയാണ് ഡോ. പി സരിൻ.

കേരള രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയമായ പാർട്ടിമാറ്റത്തിനും ഉപതിരഞ്ഞെടുപ്പിനും വേദിയായ പാലക്കാട്ടുനിന്ന് തന്റെ രാഷ്ട്രീയ ലക്ഷ്യം മാറ്റുകയാണ് അദ്ദേഹം. പെരിന്തൽമണ്ണയാണ് പി. സരിൻ്റെ പുതിയ ലക്ഷ്യം. പാലക്കാട് ഉപേക്ഷിച്ച് പി സരിൻ പെരിന്തൽമണ്ണയിലേക്ക് വണ്ടി കയറി.

പാലക്കാട് നിന്നാൽ പച്ചതൊടില്ല എന്ന വ്യക്തമായ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് സരിൻ പെരിന്തൽമണ്ണയിലേക്ക് വണ്ടി കയറുന്നത്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് എം.പി ആയതിനെ തുടർന്ന് പാലക്കാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ദയനീയമായി രാഹുൽ മാങ്കൂട്ടത്തോട് സരിൻ പരാജയപ്പെട്ടിരുന്നു.

ഷാഫി 3859 വോട്ടിനാണ് ജയിച്ചതെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൻ്റെ വിജയം 18,840 വോട്ടിനായിരുന്നു. വരത്തനായ രാഹുൽ പാലക്കാട് പരാജയപ്പെടും എന്നായിരുന്നു നാട്ടുകാരനായ സരിൻ വോട്ടെണ്ണുന്നതിന് തൊട്ട് മുൻപ് വരെ പറഞ്ഞത്. ഫലം വന്നപ്പോൾ നാട്ടുകാരനെ പാലക്കാടുക്കാർ റെക്കോഡ് ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ഇനിയും പാലക്കാട് നിന്ന് നാണം കെടാൻ സരിനെ കിട്ടില്ല.

പെരിന്തൽമണ്ണയിൽ ആണെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് ജയിച്ചത്. 2016 ൽ യു.ഡി എഫിൻ്റെ മഞ്ഞളാംകുഴി അലി ജയിച്ചത് 579 വോട്ടിനും. സി പി എമ്മിന് പാലക്കാടിന് അപേക്ഷിച്ച് താരതമ്യേന വോട്ട് ഉള്ള സ്ഥലമാണ് പെരിന്തൽമണ്ണയെന്ന് അക്കൗണ്ടൻ്റ് ജനറൽ ഓഫിസിലെ മുൻ ഉദ്യോഗസ്ഥനായ സരിന് നന്നായറിയാം.

ഈയിടെ നജീബ് കാന്തപുരത്തിനെതിരെ സരിൻ രംഗത്ത് വന്നതും ഇതിന് മുന്നോടി ആയിട്ടാണ് എന്നാണ് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഉദ്യോഗത്തിൽ നിന്ന് രാജി വച്ച് കോൺഗ്രസ് ടിക്കറ്റിൽ 2021 ൽ ഒറ്റപ്പാലത്ത് മൽസരിച്ചപ്പോൾ സരിൻ തോറ്റത് 15152 വോട്ടിനായിരുന്നു. സിപിഎമ്മിൻ്റെ കെ. പ്രേംകുമാർ ആണ് വിജയിച്ചത്. ആദ്യ തവണ ജയിച്ച് എംഎൽഎ ആയ പ്രേംകുമാറിൻ്റെ സീറ്റിനോട് താൽപര്യം ഉണ്ടെങ്കിലും സിപിഎം അതിന് വഴങ്ങില്ല.

ഒറ്റപ്പാലത്ത് ഒരു തവണ കൂടി പ്രേംകുമാറിനെ പരീക്ഷിക്കാനാണ് സി പി എം ഒരുങ്ങുന്നത്. സരിൻ ആണെങ്കിൽ ഒറ്റപ്പാലത്ത് തോറ്റെങ്കിലും കുറെ കാലം വോട്ട് ഒറ്റപ്പാലത്ത് തന്നെ നിറുത്തിയിരുന്നു. ഷാഫി വടകരയിലേക്ക് പോയപ്പോൾ തന്നെ പാലക്കാട് മൽസരിക്കാൻ സരിൻ കരുക്കൾ നീക്കിയിരുന്നു. ഒറ്റപ്പാലത്തെ വോട്ട് പാലക്കാടിലേക്ക് സരിൻ മാറ്റി. കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാൻ അറിയാവുന്ന പണി മുഴുവൻ പയറ്റി. സരിൻ നിന്നാൽ എട്ടു നിലയിൽ പൊട്ടും എന്നറിയാമായിരുന്ന യു.ഡി.എഫ് സരിൻ്റെ അത്യാഗ്രഹം കണ്ടില്ലെന്ന് നടിച്ചു.

സരിൻ കോൺഗ്രസിനെ അടപടലം വിമർശിച്ചു. എ.കെ. ബാലനും എം.ബി രാജേഷും അളിയനും കൂടി സരിനെ പിണറായി സന്നിധിയിൽ എത്തിച്ചു. കവടി നിരത്തുന്നതു പോലെ സരിൻ കണക്കുകൾ നിരത്തി. താൻ നിന്നാൽ എൽ.ഡി.എഫ് ജയിക്കും എന്ന് സമർത്ഥിച്ചതോടെ സാക്ഷാൽ പിണറായി സമ്മതം മൂളി. നീല പെട്ടി വിവാദം മുതൽ സകല തരികിട നമ്പറും ഇറക്കി നോക്കിയെങ്കിലും സരിനേയും എൽ.ഡിഎഫി നേയും പാലക്കാട്ടുകാർ കെട്ട് കെട്ടിച്ചു.

പാലക്കാട്ടുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മനസിലാക്കിയ സരിൻ പെരിന്തൽ മണ്ണയിൽ അങ്കം കുറിക്കാൻ ഇറങ്ങുമ്പോൾ വോട്ട് പാലക്കാട് നിന്ന് വീണ്ടും മാറ്റുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മൽസരിക്കുന്ന മണ്ഡലങ്ങളിൽ വോട്ട് ചെയ്യണമെന്ന ശാഠ്യക്കാരനാണ് സരിൻ. പിണറായി പച്ച കൊടി കാട്ടിയാൽ സരിൻ പെരിന്തൽമണ്ണയിൽ ഇറങ്ങും.

സരിൻ വരുന്നതിൻ്റെ ആശ്വാസത്തിലാണ് നജീബ് കാന്തപുരം. കഴിഞ്ഞ തവണ 38 വോട്ടിനാണ് ജയിച്ചതെങ്കിലും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന പ്രവൃത്തിക്കുന്ന നജീബ് കാന്തപുരം അഞ്ചക്ക സംഖ്യയിൽ ഇത്തവണ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. സരിൻ വരുന്നതോടെ നജീബ് കാന്തപുരത്തിന്റെ പ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *