തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്പന് പറഞ്ഞ പരാമർശത്തിൽ മാപ്പ് അപേക്ഷയുമായി പിവി അൻവർ എംഎൽഎ. അധിക്ഷേപ പരാമര്‍ശം ബോധപൂർവം അല്ലെന്നും നാക്കുപിഴ ആണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. വലിയ നാക്ക് പിഴ സംഭവിച്ചു എന്നാണ് അൻവർ സംഭവത്തെ വിശേഷിപ്പിച്ചത്.
അന്‍വർ നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. തന്നെ കള്ളനാക്കി കാണിക്കാനുള്ള പിണറായിയുടെ ശ്രമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പനായാലും മറുപടി പറയുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ ഇത് വാച്യാർത്ഥത്തിൽ പറഞ്ഞതല്ലെന്നും മുഖ്യമന്ത്രിയെന്നല്ല അതിനു മുകളില്‍ ഉള്ള ആളായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും പിവി അന്‍വര്‍ ക്ഷമാപണ വീഡിയോയിൽ വ്യക്തമാക്കി. വാക്കുകള്‍ അത്തരത്തിൽ ആയിപ്പോയതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
വ്യക്തമായൊന്നും പറയാനില്ലാത്തപ്പോഴാണ് അതിരുവിട്ട് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. മാപ്പ് പറയുന്നതില്‍ കാര്യമില്ലെന്നും വര്‍ഗീയവാദികളുടെ മഴവില്‍ സഖ്യത്തിലാണ് അന്‍വറെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.