KeralaKerala Assembly NewsNews

എഡിജിപി ഫോൺ ചോർത്തിയത് അറിയില്ല; അൻവർ ചോർത്തിയത് ഗുരുതരമെന്ന് മുഖ്യൻ

തിരുവനന്തപുരം: എഡിജിപി വഴിവിട്ട രീതിയിൽ ഉന്നതരുടെ ഫോൺ ചോർത്തിയോ എന്ന കാര്യം ശ്രദ്ധയിൽ പെട്ടില്ലെന്ന് മുഖ്യമന്ത്രി. എം ആർ അജിത് കുമാറിന് ഫോൺ ചോർത്തൽ ആരോപണത്തിൽ ക്ലീൻചിറ്റ് നൽകുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിച്ചത്. അതേസമയം എംഎൽഎ പി വി അൻവർ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസെടുത്തെന്നും പിണറായി നിയമസഭയെ ബോധിപ്പിച്ചു.

ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന എംഎൽഎയുടെ വെളിപ്പെടുത്തിയതിൽ കോട്ടയം കറുകച്ചാൽ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും അദ്ദേഹം പറഞ്ഞു. തന്നെ ജയിലിൽ അടയ്ക്കാൻ നീക്കം നടക്കുന്നുണെന്ന് പിവി അൻവർ എംഎൽഎ മുൻപ് ആരോപണം ഉന്നയിച്ചിരുന്നു.

മന്ത്രിമാരുടെ പ്രതിപക്ഷ നേതാക്കളുടെയും ഉൾപ്പെടെ ഫോൺ സംഭാഷണം പൊലീസ് ഉദ്യോഗസ്ഥൻ ചോർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മുഖ്യൻ്റെ മറുപടി. ഇക്കാര്യത്തിൽ ഗവർണർ വിശദീകരണം ആരാഞ്ഞത് മാധ്യമവാർത്തകളെത്തുടർന്നാണെന്നും മുഖ്യമന്ത്രിയുടെ വിശദീകരിച്ചൂ.

ആരോപണങ്ങൾ ഉയർന്നതുമുതൽ എഡിജിപിയെ സംരക്ഷിച്ച മുഖ്യൻ ഫോൺ നിരീക്ഷിക്കാനുള്ള ചട്ടങ്ങൾ ഉദ്ധരിച്ചാണ് തൻ്റെ ഭാഗം വിശദീകരിച്ചത്. ചട്ടപ്രകാരം അത് സാധ്യമല്ലെന്ന നിലപാടാണ് മുഖ്യൻ സ്വീകരിച്ചത്. എന്നാൽ ഇപ്പോഴും പൊലീസിലെ ഉന്നത പദവിയിൽ തുടരുന്ന ആരോപണ വിധേയനെതിരെ ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.

പൊതു അടിയന്തരാവസ്ഥ, പൊതുസുരക്ഷാ താൽപര്യം, രാജ്യ പരമാധികാരം, അഖണ്ഡത, സംസ്ഥാന സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവയുമായി ബന്ധപ്പെട്ടും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയാൻ ആവശ്യമെന്നു ബോധ്യപ്പെട്ടാലാണ് ഫോൺ നിരീക്ഷിക്കാൻ കഴിയുക എന്നദ്ദേഹം വിശദീകരിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ആഭ്യന്തര സെക്രട്ടറിക്കു നൽകി അനുവാദം വാങ്ങിയ ശേഷം മാത്രമേ ഫോൺ നിരീക്ഷണം സാധ്യമാകൂ എന്നാണ് സഭയിൽ അദ്ദേഹം ബോധിപ്പിച്ചത്. .

അടിയന്തര സാഹചര്യങ്ങളിൽ ഫോൺ 7 ദിവസത്തേക്കു നിരീക്ഷിക്കാൻ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് അനുമതി നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. 7 ദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയുടെ അനുമതി നേടിയാലേ ഇതു തുടരാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ഐജി റാങ്കിന് മുകളിലാണ് എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം വകുപ്പിൽ ചുമതലയിൽ തുടരവെയാണ് അന്വേഷണം നടക്കുക. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാന്നെന്ന് കോൺഗ്രസ് ആപോപ്പിച്ചു.

സംസ്ഥാനത്തെ സേനയുടെ തലപ്പത്ത് കള്ളൻമാരും കൊലപാതകികളുമുണ്ട് എന്ന് ഭരണകക്ഷി നിയമസഭാംഗം പരാതി നൽകിയോ എന്ന ചോദ്യവും സഭയിൽ ഉയർന്നു. എന്നാൽ ഒരു നിയമസഭാംഗം പരാതി തന്നെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അൻവറിനെ എൽഡിഎഫ് പാർലമെന്ററി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് അദ്ദേഹം അൻവർ ഭരണപക്ഷ എംഎൽഎ ആണെന്ന് സമ്മതിക്കാൻ വിമുഖത കാണിച്ചത്. എന്നാൽ പരാതിയുടെ വിശദാംശം സഭയിൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *