
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ വകുപ്പ്. തോൽവിയില്ലാത്ത ക്ലാസ് കയറ്റം എന്ന രീതിക്ക് മാറ്റം വരുത്തി, 5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ‘സബ്ജക്റ്റ് മിനിമം’ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിന് പുറമെ, ഹൈസ്കൂളുകളിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രവൃത്തി സമയം വർധിപ്പിക്കാനും, കലോത്സവ മാന്വലിൽ പുതിയ ഭേദഗതികൾ വരുത്താനും തീരുമാനിച്ചു.
പഠന ലക്ഷ്യങ്ങൾ കൈവരിക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്നത് അവരെ പിന്നോട്ട് വലിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ‘സബ്ജക്റ്റ് മിനിമം’ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2024-25 അധ്യയന വർഷം എട്ടാം ക്ലാസിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നോട്ട് പോകുന്ന കുട്ടികൾക്ക് ബ്രിഡ്ജ് കോഴ്സുകളിലൂടെയും പുനഃപരീക്ഷകളിലൂടെയും പ്രത്യേക പഠനപിന്തുണ നൽകും.
ഹൈസ്കൂളുകളിൽ അധിക പ്രവൃത്തി സമയം
2025–26 അധ്യയന വർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിന് 220 പ്രവൃത്തിദിനങ്ങൾ (1100 പഠന മണിക്കൂർ) ഉറപ്പാക്കുന്നതിനായി പ്രവൃത്തി സമയത്തിൽ മാറ്റം വരും. നിലവിലെ 204 പ്രവൃത്തിദിനങ്ങളിൽ നിന്ന് 38 വെള്ളിയാഴ്ചകളെ ഒഴിവാക്കി, ബാക്കിയുള്ള 166 ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും അധികമായി ക്ലാസുകൾ നടക്കും. എൽപി വിഭാഗത്തിന് 198 പ്രവൃത്തിദിനങ്ങളും, യുപി വിഭാഗത്തിന് 200 പ്രവൃത്തിദിനങ്ങളും ആയിരിക്കും.
കലോത്സവ മാന്വലിലും മാറ്റങ്ങൾ
- ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ മത്സരിക്കാൻ കഴിയൂ.
- സ്കൂൾ തല കലോത്സവത്തിന് പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല.
- അപ്പീൽ ഫീസ് വർധിപ്പിച്ചു: സ്കൂൾ തലം – 1000 രൂപ, ഉപജില്ല – 2000 രൂപ, ജില്ല/സംസ്ഥാന തലം – 5000 രൂപ. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ നൽകും.
- നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സംഗീതം മാത്രമേ ഉപയോഗിക്കാവൂ.
തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.