ബാംഗ്ലൂര്‍: ബംഗളൂരുവില്‍ ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബംഗളൂരുവിലെ സര്‍ജാപൂര്‍ മേഖലയിലാണ് ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ നവജാത ശിശുവിനെ പ്രദേശവാസികളായ ചിലര്‍ കണ്ടെത്തിയത്. ഒന്നോ രണ്ടോ മണിക്കൂര്‍ കുട്ടി കുഴിയില്‍ കിടന്നുവെന്നാണ് പ്രദേശവാസികളുടെ നിഗമനം. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. സര്‍ജാപൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കത്രിഗുപ്പെ ഡിന്ന ഗ്രാമത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് കുഞ്ഞിനെ പാതി കുഴിച്ചിട്ട നിലയില്‍ ഒരു പ്രദേശവാസി കണ്ടെത്തിയത്.
ഉടന്‍ തന്നെ അദ്ദേഹം കുഞ്ഞിനെ രക്ഷിക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും സര്‍ജാപൂര്‍ പോലീസിനെ വിളിക്കുകയും ചെയ്തു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആണ് കുഞ്ഞ് ജനിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കുഞ്ഞിനെ സംസ്കരിക്കാന്‍ പുറത്തുനിന്നുള്ള ഒരാള്‍ ഈ പ്രദേശത്തേക്ക് വന്നിരിക്കാമെന്നും എന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുഞ്ഞിനെ ചികിത്സയ്ക്കായി ബൊമ്മസാന്ദ്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ അറിയിച്ചതായി പോലീസ് ഓഫീസര്‍ പറഞ്ഞു. സര്‍ജാപുര പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. സമീപ പ്രദേശങ്ങളിലെ ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും നവജാത ശിശുവിനെ കാണാതായിട്ടുണ്ടോ എന്നും ഞങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു.