
ഗോട്ടിന്റെ വമ്പൻ വിജയം ; വിജയ്ക്ക്‘ഗോട്ട് സ്വർണ മോതിരം’ സമ്മാനിച്ച് നിർമാതാവ്
നടന്‍ വിജയ്‌ക്ക് ‘ഗോട്ട്’ സിനിമയുടെ വൻ വിജയത്തിന്റെ സന്തോഷത്തിൽ നിർമാതാവ് ടി. ശിവ സ്വർണത്തിൽ തീർത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ചു. അമ്മ ക്രിയേഷൻസ് നിർമാണക്കമ്പനിയുടെ ഉടമ കൂടിയായ ശിവ, ‘ഗോട്ട്’ സിനിമയിൽ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.’ഗോട്ട്’ സിനിമ അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതോടെ , പല തീയേറ്ററുകളിലും പ്രദർശനം അവസാനിച്ചു.
380 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമിച്ച സിനിമ, നിർമാതാക്കളെ സാമ്പത്തികമായി രക്ഷിച്ചുവെന്ന് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം, ‘ഗോട്ട്’ 459 കോടിയുടെ ആഗോള കലക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 215 കോടി രൂപ നേടിയ ‘ഗോട്ട്’, വിജയ്‌യുടെ മറ്റ് സിനിമകളെ പിന്തള്ളികൊണ്ട് ഈ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കി. 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന വിജയ്‌യുടെ എട്ടാമത്തെ ചിത്രമാണ് ഇത്.
ആഗോളതലത്തിൽ, ‘2.0’, ‘ജയിലർ’, ‘പൊന്നിയിൻ സെൽവൻ – 1’, ‘ലിയോ’ എന്നീ സിനിമകളുടെ പിന്നാലെ, ‘ഗോട്ട്’ ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ചാമത്തെ തമിഴ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.