KeralaPolitics

എസ്എഫ്‌ഐഒ അന്വേഷണം നാടകം. മകളെ സംരക്ഷിക്കാനാണ് എഡിജിപിക്കെതിരെ നടപടിയെടുക്കാത്തത്; അന്‍വര്‍

എസ്എഫ്‌ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്ന് അന്‍വര്‍

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നാടകമാണെന്നും മുഖ്യമന്ത്രിക്ക് മകളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും പിവി അന്‍വര്‍ എംഎല്‍എ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇനി ചിലപ്പോള്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കും, പക്ഷേ, അതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്. എസ്എഫ്‌ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അന്‍വര്‍ ചോദിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസ്സും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള സെറ്റില്‍മെന്റിന്റെ ഭാഗമാണിതൊക്കെ. അതുകൊണ്ടാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കാത്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയില്‍ എസ്എഫ്‌ഐഒ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മൊഴിയെടുപ്പ് നടന്നത്.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന മാസപ്പടി വിവാദകേസില്‍ അന്വേഷണം തുടങ്ങി പത്ത് മാസം പിന്നിട്ടപ്പോഴാണ് ആരോപണ വിധേയയായ വീണ വിജയനില്‍ നിന്ന് സംഘം നേരിട്ട് മൊഴി എടുത്തത്. അന്വേഷണ സംഘ തലവനും എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടറുമായ അരുണ്‍ പ്രസാദ് നേരിട്ട് വീണയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. ഐടി എക്‌സ്‌പേര്‍ട്ട് എന്ന നിലയില്‍ നല്‍കിയ സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയതെന്നാണ് വിവാദം വന്നത് മുതല്‍ വീണ പറയുന്നത്. എന്നാല്‍ അതില്‍ യാതൊരുവിധ കഴമ്പുമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *