രണ്ട് മാസം നീണ്ടുനിന്ന നിരീക്ഷണത്തില്‍ പോലീസ് പിടിച്ചെടുത്തത് 2000 കോടി വിലവരുന്ന മയക്കുമരുന്ന്
ന്യു ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 2000 കോടിയോളം വിലയുള്ള മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ നാലുപെരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്റൗളി മേഖലയില്‍ നിന്നാണ് മയക്കുമരുന്നുമായി നാലുപേരെയാണ് സ്പെഷ്യല്‍ സെല്‍ പിടികൂടിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2000കോടി മതിപ്പുവിലയെന്നാണ് കണ്ടെത്തല്‍. 560 കിലോയിലധികം കൊക്കെയ്ന്‍ ആണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. നഗരത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.
ഉത്സവ സീസണില്‍ ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എന്‍സിആര്‍) മരുന്ന് വിതരണം ചെയ്യാനായിരുന്ന സംഘമാണ് ഇപ്പോള്‍ പിടിയിലായതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് തങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നുവെന്നും അന്നുമുതല്‍ സ്‌പെഷ്യല്‍ സെല്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.