CrimeNational

അമിത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു മരണം കൂടി

ഉത്തര്‍പ്രദേശില്‍ ഫിനാന്‍സ് മാനേജര്‍ ആത്മഹത്യ ചെയ്തു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഫിനാന്‍സ് മാനേജര്‍ അമിത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സിലെ ഏരിയ മാനേജര്‍ തരുണ്‍ സക്സേന (42) ആണ് ജോലിസ്ഥലത്തെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. തന്റെ ഭാര്യക്കായി തരുണെഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി. തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരന്തരമായി ജോലി പരമായി പീഡിപ്പിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.ശമ്പളം പിടിക്കല്‍, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ ഭീഷണികളും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

തരുണ്‍ തന്റെ പ്രദേശത്തെ ബജാജ് ഫിനാന്‍സ് ലോണുകളുടെ ഇഎംഐകള്‍ ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നു. അതിനാല്‍ തന്നെ വിവിധ പ്രശ്നങ്ങളും തരുണിനുണ്ടായിരുന്നു. മുതിര്‍ന്ന മാനേജ്മെന്റിനെ തന്റെ പ്രശ്‌നങ്ങള്‍ തരുണ്‍ അറിയിച്ചിരുന്നു. എന്നാല്‍ താനും സഹപ്രവര്‍ത്തകരും ശേഖരിക്കാത്ത EMIകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായി എന്ന് സക്സേന വെളിപ്പെടുത്തി. 45 ദിവസമായി താന്‍ ശരിയായി ഉറങ്ങിയിരുന്നില്ല, വിശപ്പ് നഷ്ടപ്പെട്ടു, ഉത്കണ്ഠയാല്‍ തളര്‍ന്നുപോയതായിരുന്നു. മരണ ദിവസം 6 മണി വരെ വീഡിയോ കോണ്‍ഫറന്‍സില്‍ ആയിരുന്നു അദ്ദേഹം. മേലുദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഭാര്യയെയും രണ്ട് കുട്ടികളെയും പ്രത്യേക മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് തരുണ്‍ ആത്മഹത്യ ചെയ്തത്. കത്തില്‍, തന്റെ ഇന്‍ഷുറന്‍സ് തുക വീട്ടുകാര്‍ക്ക്് ലഭിക്കണമെന്നും തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതിന് മുതിര്‍ന്ന മാനേജര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 26 കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ദാരുണമായ സംഭവം വീണ്ടും നടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *