
തനിക്ക് മറ്റ് ഓപ്ഷനുകളുണ്ടെന്ന തലക്കെട്ടിൽ വന്ന ശശി തരൂരിന്റെ ഇന്റർവ്യൂവിന്റെ പൂർണരൂപം പുറത്ത്. ബിജെപിയിലേക്ക് പോകില്ലെന്നും ഇക്കാര്യത്തിൽ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് ഈ അഭിമുഖം.
പാർട്ടിയിൽ നിന്നും മാറി സ്വതന്ത്രനായി നിൽക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കും മുന്നിലുണ്ട്. എന്നാൽ കഴിഞ്ഞ തിരഞെടുപ്പിൽ ദേശീയതലത്തിൽ ബിജെപിയും സംസ്ഥാനതലത്തിൽ സിപിഎമ്മും കാണിച്ചിട്ടുള്ള മികവ് കോൺഗ്രസിന് കാണിക്കാനായിട്ടില്ല എന്നും തരൂർ പറഞ്ഞു
സങ്കുചിത രാഷ്ട്രീയചിന്ത തനിക്കില്ലെന്നു മോദി, എൽഡിഎഫ് സർക്കാർ പ്രശംസയെക്കുറിച്ച് തരൂർ പ്രതികരിച്ചു. താൻ പറയുമ്പോൾ മാത്രമാണ് വിവാദം. കോൺഗ്രസിലെ മറ്റു നേതാക്കളും സമാന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മോദിയെയും പിണറായിയെയും താൻ വിമർശിച്ചിട്ടുമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
ആരെയും ഭയമില്ല. കോൺഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് ഞാൻ. എന്തുപറഞ്ഞാലും എതിർക്കാനും വിമർശിക്കാനും സ്വന്തം പാർട്ടിക്കുള്ളിൽതന്നെ ആളുകളുണ്ട്.
‘കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മത്സരിച്ചതിൽ എനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ എനിക്കറിയാം ഞാൻ ജയിക്കാൻ പോകുന്നില്ലെന്ന്. ആ കാലത്തുള്ള പ്രധാനപ്പെട്ട വർക്കിംഗ് കമ്മിറ്റി അംഗങ്ങളാണ് മല്ലികാർജുൻ ഖാർഖെയുടെ നോമിനേഷൻ ഫോം ഒറ്റക്കെട്ടായി ഒപ്പിട്ടത്. ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചവർ കൂടി, ഖാർഖെയുടെ ഫോമിൽ ഒപ്പിട്ടപ്പോൾ സ്പഷ്ടമായ ഒരു സന്ദേശം കിട്ടി. ഇത് പാർട്ടിയുടെ താൽപര്യമാണ്. തീരുമാനമാണ്. അതിൽ മാറ്റം ഉണ്ടാകാൻ പോകുന്നില്ല.
ചിലർ കരുതി ഞാൻ പത്രിക പിൻവലിക്കുമെന്ന്. എന്നാൽ പിൻവലിക്കാതെ ഞാൻ മത്സരിച്ചതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. അതിൽ ഒരു കാരണം, പാർട്ടിക്കുള്ളിൽ ഒരു ആഭ്യന്തര ജനാധിപത്യം ഉണ്ടെന്ന് തെളിയിക്കണം. പാർട്ടിയെ സംബന്ധിച്ച് നല്ലൊരു കാര്യമാണത്.
രണ്ടാമത്തെ കാര്യം, എന്നോട് സംസാരിച്ച സാധാരണക്കാരായ പാർട്ടി പ്രവർത്തകർ. അവരുടെ ശബ്ദം കേൾപ്പിക്കാൻ നല്ലൊരു അവസരമായിരുന്നു. പ്രചാരണ സമയത്ത് ഞാൻ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ ഞാൻ പറഞ്ഞ പല കാര്യങ്ങളും സാധാരണക്കാരായ പാർട്ടി പ്രവർത്തകർ മുന്നോട്ടുവച്ച കാര്യങ്ങളായിരുന്നു.
140 വർഷത്തെ കോൺഗ്രസിന്റെ ചരിത്രത്തിൽ എന്റെ അത്ര വോട്ട് കിട്ടി ആരും തോറ്റിട്ടില്ല. ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവർക്കൊക്കെ കിട്ടിയതിനേക്കാൾ വോട്ട് എനിക്ക് ലഭിച്ചു. അതിൽ ചെറിയൊരു അഭിമാനം എനിക്ക് തോന്നാം. ഇതൊരു തോൽവി തന്നെയായിരുന്നു. എനിക്ക് വേണ്ടി കോൺഗ്രസിന് ഒന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എങ്കിലും അവർ ഒരു മര്യാദയോടെ എന്നെ ഒരു വർക്കിംഗ് കമ്മിറ്റി അംഗമാക്കി’.