
തിരുവനന്തപുരം: ബാറുടമകളില്‍ നിന്നും വ്യാപക പിരിവ്. കേരളീയത്തിനും നവകേരള സദസിനും പിന്നാലെ മുഖ്യമന്തിയുടെ മുഖാമുഖം പരിപാടിക്കും ബാറുടമകളില്‍ നിന്ന് നടത്തിയത് വ്യാപക പിരിവ്.
2016ല്‍ പിണറായി അധികാരത്തില്‍ കേറുമ്പോള്‍ കേരളത്തില്‍ ആകെയുള്ളത് 26 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. 2017ല്‍ ഇടത് മുന്നണി മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത് 25 ലക്ഷം രൂപ ഈടാക്കി യഥേഷ്ടം ബാര്‍ ലൈസന്‍സുകള്‍ നല്‍കി തുടങ്ങി. ഇപ്പോള്‍ സംസ്ഥാനത്ത് 801 ബാര്‍ ലൈസന്‍സുകള്‍. ഇവയില്‍ 7 സ്റ്റാര്‍ മുതല്‍ താഴോട്ട് 3 സ്റ്റാര്‍ വരെ.
കേന്ദ്ര ടൂറിസം മാന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ ബാര്‍ഹോട്ടല്‍ സൗകര്യങ്ങള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരൂ എന്നിവയുമായി കിടപിടിക്കുന്നതാണ്. എന്നിരുന്നാലും ഈ സെക്ടറില്‍ നിന്നും ഖജനാവിലേക്ക് എത്തുന്ന നികുതി 2015 ലേക്കാള്‍ കുറവാണ്.
കേരളത്തില്‍ മദ്യത്തിന് ഈടാക്കുന്ന നികുതിയും വിലയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതലുമാണ്. കേരളത്തില്‍ ബാറുകളില്‍ നിന്നും വില്പന നികുതി നിയമം അനുസരിച്ചുള്ള ടി.ഒ.ടി അഥവാ ടേണോവര്‍ ടാക്‌സ് ആണ് പിരിക്കുന്നത്. നിലവില്‍ ഇത് 10 ശതമാനമാണ്.
ബാറുകള്‍ അവരുടെ പ്രതിമാസ മദ്യ വില്‍പനയുടെ 10 ശതമാനം ടി.ഒ.ടി ആയി സര്‍ക്കാരിലേക്ക് അടക്കണം ഈ തുക ഉപഭോക്താവില്‍ നിന്നും പിരിക്കുന്നതല്ല. മദ്യം ബോട്ടില്‍ കണക്കില്‍ വാങ്ങി പെഗ്ഗ് കണക്കില്‍ അളന്നാണ് ബാറുകളില്‍ വില്പന നടത്തുന്നത്.
1000 മില്ലിയുള്ള ബോട്ടിലില്‍ നിന്നും 60 എം.എല്‍, 90 എം.എല്‍ കണക്കില്‍ അളന്ന് വില്‍ക്കുമ്പോള്‍ ബാറുകളുടെ സൗകര്യങ്ങള്‍, സ്റ്റാര്‍ റേറ്റിങ്ങ് അനുസരിച്ചുള്ള ലാഭ ശതമാനം ചേര്‍ത്ത തുക ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നു. എന്നാല്‍ ഇവര്‍ ഈടാക്കുന്ന യഥാര്‍ഥ ലാഭ ശതമാനം 100 മുതല്‍ 250 വരെ വരാറുണ്ടെങ്കിലും ഇവര്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ 50 % താഴെ മാത്രം രേഖപ്പെടുത്തി ടി.ഒ.ടി അടച്ച് പോരുന്നു.
പ്രതിവര്‍ഷം സംസ്ഥാനത്തിന് ഏകദേശം 3000 കോടി ലഭിക്കേണ്ട സ്ഥാനത്ത് ലഭിക്കുന്നത് 500 കോടിയില്‍ താഴെ മാത്രം. ഇത്തരത്തിലുള്ള വെട്ടിപ്പ് ഉന്‍മൂലനം ചെയ്യണമെങ്കില്‍ കണ്‍കറന്റ് ഓഡിറ്റോ ഇന്റലിജന്‍സ് പരിശോധനയോ നടത്തി യഥാര്‍ഥ ലാഭ ശതമാനം കണ്ടെത്തി നികുതി നിര്‍ണ്ണയം നടത്തണം.
എന്നാല്‍, ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ ബാര്‍ ഉടമകള്‍ പ്രതിവര്‍ഷം കോടികള്‍ പാര്‍ട്ടി ഫണ്ടിലേക്കും നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി ആയി നല്‍കുന്നു.
ഏറ്റവും ഒടുവില്‍ നവകേരള സദസ്സിലേക്കായി സംസ്ഥാനത്താകെ ബാര്‍ ഉടമകള്‍ നല്‍കിയത് 500 കോടി രൂപയാണ്. പകരം ഭരണ നേതൃത്വം 2026 വരെ നികുതി വകുപ്പിന്റെ യാതൊരുവിധ പരിശോധനകളും ഉണ്ടാകില്ലെന്ന ഉറപ്പും നല്‍കി.