ഷിയോമി; അരുണാചല്‍ പ്രദേശിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 21 കുട്ടികളെ പീഡിപ്പിച്ച വ്യക്തിക്ക് വധശിക്ഷ വിധിച്ചു. ഷിയോമി ജില്ലയിലെ കാരോ ഗവണ്‍മെന്റ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡനായ യുംകെന്‍ ബഗ്രയ്ക്കാണ് വധശിക്ഷ വിധിച്ചത്. പ്രത്യേക പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2019-നും 2022-നും ഇടയില്‍ ആറിനും 15നും ഇടയില്‍ പ്രായമുള്ള 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 കുട്ടികളെയാണ് ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചത്.
സഹ പ്രതിയായ മര്‍ബോം എന്‍ഗോംദിര്‍ ഹിന്ദി അദ്ധ്യാപകനായിരുന്നു. മറ്റൊരു പ്രതിയായ സിംഗ്ടണ്‍ യോര്‍പെന്‍ സ്‌കൂളിലെ മുന്‍ ഹെഡ്മാസ്റ്ററായിരുന്നു.ഇവര്‍ക്ക് കേസില്‍ ഉള്‍പ്പെട്ടതിന് 20 വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 328, 506, പോക്സോ നിയമത്തിലെ സെക്ഷന്‍ 6, 10, 12 എന്നിവ പ്രകാരം ബഗ്ര കുറ്റക്കാരനാണെന്ന് കണ്ടെത്തി, കുറ്റകൃത്യത്തിന്‍രെ ക്രൂരത കാരണമാണ് വധശിക്ഷ തന്നെ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് രണ്ട് സഹോദരിമാര്‍ മാതാപിതാക്കളോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലൈംഗികാതിക്രമം പുറത്തറിഞ്ഞത്. രണ്ട് ദിവസത്തിന് ശേഷം, ജില്ലയിലെ മോനിഗോംഗ് പോലീസ് സ്റ്റേഷനില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബഗ്ര ഒളിവിലായിരുന്നു, കഴിഞ്ഞ വര്‍ഷം നവംബറിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഈ വര്‍ഷം ജൂലൈ 21 ന് ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗര്‍ ബെഞ്ച് സ്വമേധയാ നടപടിയെടുക്കുകയും ബാഗ്രയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.