
2 ഗഡു ക്ഷാമബത്ത 2025- 26 ൽ നൽകും, കുറച്ചു കൂടെ തരാൻ ശ്രമിക്കും: കെ.എൻ. ബാലഗോപാൽ
ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. ക്ഷാമബത്ത അനുവദിക്കുന്ന കാര്യത്തിൽ നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കും. വാഗ്ദാനം ചെയ്തതിനേക്കാൾ മെച്ചപ്പെട്ട സ്ഥിതി സൃഷ്ടിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സാമ്പത്തിക നയങ്ങൾ കേരള വികസനവും സിവിൽ സർവീസും എന്ന പേരിൽ എഫ്.എസ്.ഇ.ടി.ഒ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
അതേസമയം, സർക്കാർ ജീവനക്കാരുടെ വർക്കിംഗ് സമയത്തായിരുന്നു ധനമന്ത്രിയുടെ സെമിനാർ എന്ന വിമർശനവും ഉയരുന്നുണ്ട്. ഈ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ക്ഷാമബത്തയെ കുറിച്ച് ബാലഗോപാൽ പരാമർശിച്ചത്.
നിലവിൽ 6 ഗഡു ക്ഷാമബത്ത കുടിശികയാണ്. 19 ശതമാനം ആണ് കുടിശിക . ജനുവരി പ്രാബല്യത്തിൽ കേന്ദ്രം ഡി.എ പ്രഖ്യാപിക്കുന്നതോടെ കുടിശിക 7 ഗഡുക്കൾ ആയി ഉയരും. 22 ശതമാനമാകും ക്ഷാമബത്ത കുടിശിക . കേന്ദ്രം ഇന്ന് എട്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ആകട്ടെ 1-7- 24 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും നിയമിച്ചിട്ടില്ല.