റിലയൻസ് ഹോം ഫിനാൻസ് വിഷയത്തിൽ അനിൽ അംബാനിയുടെ മകൻ അൻമോൽ അംബാനിയ്ക്ക് 1 കോടി രൂപ പിഴയുടെ ചുമത്തി മാർക്കറ്റ് റെഗുലേറ്ററായ സെബി .
പൊതു-ഉദ്ദേശ്യ കോർപ്പറേറ്റ് വായ്പകൾക്ക് അംഗീകാരം നൽകുമ്പോൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തതിനാണ് കഴിഞ്ഞ ദിവസം സെബി പിഴ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ, റിലയൻസ് ഹൗസിംഗ് ഫിനാൻസിൻ്റെ ചീഫ് റിസ്ക് ഓഫീസറായിരുന്ന കൃഷ്ണൻ ഗോപാലകൃഷ്ണനിൽ നിന്നും സെബി 15 ലക്ഷം രൂപ പിഴ ഈടാക്കി. ഇരുവരോടും 45 ദിവസത്തിനകം പണം അടയ്ക്കുവാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചു. കമ്പനി ഡയറക്ടർസ് ജിപിസിഎൽ ലോൺ അല്ലെങ്കിൽ പൊതു ഉദ്ദേശ്യ കോർപ്പറേറ്റ് ലോണുമായി മുന്നോട്ട് പോകരുതെന്ന വ്യക്തമായ നിർദേശം നേരത്തെ അൻമോൽ അംബാനിയ്ക്ക് നൽകിയിരുന്നു. ഇതിനെ മറികടന്നാണ് അദ്ദേഹം തന്റെ തീരുമാനവുമായി മുന്നോട്ട് പോയത്.
അക്യുറ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് 20 കോടി രൂപ വായ്പ നൽകുന്നതിനുള്ള അംഗീകാരം അൻമോൽ അംബാനി 2019 ഫെബ്രുവരി 14, ന് നൽകിയിരുന്നു. എന്നാൽ , 2019 ഫെബ്രുവരി 11 ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ, കൂടുതൽ ജിപിസിഎൽ വായ്പകൾ നൽകരുതെന്ന് മാനേജ്‌മെൻ്റിന് നിർദ്ദേശം നൽകിയിരുന്നു.
“കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ അൻമോൽ അംബാനി കമ്പനിയെ സ്വന്തം ദിശയിലേക്ക് കൊണ്ടുപോകുകയും ഡയറക്ടർ എന്ന തന്റെ ചുമതലയിൽ അതിരുകടക്കുകയും ചെയ്തുവെന്ന് ഉത്തരവിൽ പറയുന്നു.
ഷെയർഹോൾഡർമാരുടെ താൽപ്പര്യങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചു. കൂടാതെ വേണ്ടത്ര ശ്രദ്ധയും എത്തിക്കൽ സ്റ്റാൻഡേർഡ്‌സ് പുലർത്തിയിട്ടില്ലെന്നും സെബി ഉത്തരവിൽ വ്യക്തമാക്കുന്നു.
റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ് എന്നിവയുടെ ബോർഡിലും മറ്റ് റിലയൻസ് എഡിഎജി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായിരുന്ന അൻമോൽ , ജിപിസിഎൽ വായ്പയെക്കുറിച്ചും തുടർന്നുള്ള വായ്പകളെക്കുറിച്ചും ന്യായമായ ജാഗ്രത പുലർത്തിയില്ല. ഈ ജിപിസിഎൽ എൻ്റിറ്റികൾ റിലയൻസ് ക്യാപിറ്റൽ ഉൾപ്പെടെയുള്ള മറ്റ് റിലയൻസ് എഡിഎജി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയിരുന്നു.
അതേസമയം, വിവിധ ജിപിസിഎൽ വായ്പകൾക്കും ഗോപാലകൃഷ്ണൻ അംഗീകാരം നൽകിയിട്ടുണ്ടെന്ന് സെബി കണ്ടെത്തി. കമ്പനിയുടെ സിആർഒ ആയിരിക്കുമ്പോൾ അദ്ദേഹം ശുപാർശ ചെയ്ത വിവിധ വായ്പകളുടെ ക്രെഡിറ്റ് അപ്രൂവൽ മെമ്മോകളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യമായ ക്രമക്കേടുകളെക്കുറിച്ച് അറിയാമായിരുന്നിട്ടും അദ്ദേഹം വായ്പ നൽകുവാൻ അംഗീകാരം നൽകുകയായിരുന്നുവെന്ന് സെബി ഉത്തരവിൽ കൂട്ടിച്ചേർത്തു.
നേരത്തെ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൻ്റെ ഫണ്ട് വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ അനിൽ അംബാനിയെയും മറ്റ് 24 പേരെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു. കൂടാതെ ഇദ്ദേഹത്തിൽ നിന്ന് 25 കോടി രൂപ പിഴയും ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അൻമോൽ അംബാനിയ്ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് സെബി രംഗത്തെത്തിയിരിക്കുന്നത്.