കൊച്ചി: ഒരു നൂറ്റാണ്ട് പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്ക്വയറിൽ കൂട്ട ഉപവാസ സമരം നടത്തും. രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യുന്ന കൂട്ട ഉപവാസത്തിൻ്റെ സമാപന ചടങ്ങുകൾ എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. അബ്ദുൾ കരിം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും.
മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഭാരവാഹികൾ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യം. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ അന്താരാഷ്ട്ര ഏജൻസി പരിശോധിക്കണമെന്നും കേരളത്തിന്റെ താൽപര്യത്തിനെതിരായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എൻജീനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്നും ജന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് ആവശ്യപ്പെട്ടു.