കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന മെയ്യഴകന്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ’96 ‘ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനായ പ്രേംകുമാറാണ് മെയ്യഴകന്റെയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. സെപ്റ്റംബര്‍ 27-ന് ചിത്രം തിയറ്ററിലെത്തും.
സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മെയ്യഴകന്‍ നിര്‍മിക്കുന്നത്. 96 പോലെ ഒരു റൊമാന്റിക് ചിത്രമല്ല മെയ്യഴകന്‍. ജീവിതത്തിലെവിടെയോ നഷ്ടമായ ഓര്‍മകള്‍ തേടി ഒരാള്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയമെന്ന സൂചനകളാണ് ട്രെയ്‌ലര്‍ തരുന്നത്.
രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണിത്.
വളരെ അപൂര്‍വ്വം സംഭവിക്കുന്ന സിനിമകളിലൊന്നാണ് ‘മെയ്യഴകന്‍’ എന്നും എല്ലാവരും തിയേറ്ററില്‍ കണ്ട് ആസ്വദിക്കണമെന്നും സൂര്യ ട്രെയ്‌ലര്‍ പുറത്തുവിടുന്ന ചടങ്ങളില്‍ പറഞ്ഞു. ’96’ന് ശേഷം, സംവിധായകന്‍ പ്രേം കുമാറും സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘മെയ്യഴക’നുണ്ട്. മഹേന്ദ്രന്‍ രാജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ആര്‍. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.