ടെഹ്റാൻ: കിഴക്കൻ ഇറാനിലെ കൽക്കരി ഖനിയിൽ മീഥെയ്ൻ ചോർച്ച മൂലമുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 540 കിലോമീറ്റർ തെക്കുകിഴക്കായി തബാസിലെ കൽക്കരി ഖനിയിലാണ് ദുരന്തം സംഭവിച്ചത്. സ്‌ഫോടനം നടക്കുമ്പോൾ എഴുപതോളം പേർ അവിടെ ജോലി ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് അധികൃതർ പ്രദേശത്തേക്ക് അടിയന്തര സുരക്ഷാ സേനയെ അയക്കുകയായിരുന്നു.
ഇറാനിലെ ഖനികളിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയും അടിയന്തര സേവനങ്ങളുടെ ലഭ്യതക്കുറവും കാരണം ഇത്തരം ദുരന്തങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2009ൽ 20 തൊഴിലാളികളും 2013ൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 11 തൊഴിലാളികളും 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.