ബെയ്റൂട്ട്; ലെബനില്‍ നടന്ന സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ലെബനില്‍ വിമാനങ്ങളില്‍ വോക്കി ടോക്കികളും പേജറുകളും കര്‍ശനമായി നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാക്കി-ടോക്കികളും പേജറുകളും വിമാനത്തിലോ വിമാനത്താവളങ്ങളിലോ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് പറയാന്‍ ബെയ്റൂട്ടില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളോട് ലെബനീസ് സിവിലിയന്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഇത്തരം ഉപകരണങ്ങള്‍ വിമാനമാര്‍ഗം കയറ്റി അയക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടതായി ലെബനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അപ്പോള്‍ പുറപ്പെടുന്ന യാത്രക്കാര്‍ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
കൊണ്ടു പോകുന്ന ബാഗുകള്‍, ചരക്ക് എന്നിവ ഉള്‍പ്പെടെ എല്ലാത്തരം ലഗേജുകള്‍ക്കും നിരോധനം ബാധകമാണെന്ന് അതില്‍ പറയുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന രണ്ട് ആക്രമണങ്ങളില്‍ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ചപ്പോള്‍ കുറഞ്ഞത് 37 പേര് കൊല്ലപ്പെടുകയും 3,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.