മൂവാറ്റുപുഴ : സിപിഎം എംഎൽഎയും സിനിമാ നടനുമായ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി. നടിക്കെതിരെ മറ്റൊരു യുവതി നൽകിയ ലൈംഗിക അതിക്രമ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
സിനിമയുടെ ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാവും മുമ്പാണ് പീഡനം നടന്നതെന്നും യുവതി മൊഴി നൽകി. വിവിധ നടന്മാർക്കെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് റാക്കറ്റിൻറെ ഭാഗമാണെന്നും യുവതി ആരോപിച്ചിരുന്നു.
മൂവാറ്റുപുഴയിലെത്തി നടിക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. യുവതി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറിയിട്ടുണ്ട്. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. പോക്സോ ചുമത്തിയതോടെ കേസിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.