Sports

റഫറിയെ ഇടിച്ചിട്ട് ക്ലബ് പ്രസിഡന്റ്; തുര്‍ക്കിയിലെ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി

തുര്‍ക്കിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ മുഖത്തിന് ഇടിച്ച് താഴെയിട്ട് ക്ലബ് പ്രസിഡന്റ്. സംഭവം വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. തുര്‍ക്കിയിലെ ടോപ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ലിഗിലാണ് കായിക ലോകത്തെ ഞെട്ടിച്ച സംഭവം.

തിങ്കളാഴ്ച രാത്രി നടന്ന എംകെഇ അങ്കാറഗുചു – കയ്കുര്‍ റിസെസ്പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച, മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ചത്. ഇടികൊണ്ട് നിലത്തുവീണ റഫറിയെ ഫാറുക് കൊച ചവിട്ടുകയും ചെയ്തു. അങ്കാറയില്‍ മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുകൂടിയാണ് ഫാറുക്.

മത്സരത്തിന്റെ ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ റഫറി കയ്കുര്‍ റിസെസ്പൊറിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും കിക്ക് വലയിലെത്തിച്ച റിസെസ്പൊര്‍, അങ്കാറഗുചുവിനെതിരേ സമനില നേടുകയും ചെയ്തതാണ് ഫാറുകിനെ പ്രകോപിപ്പിച്ചത്.റഫറിയെ ആക്രമിച്ച സംഭവം തുര്‍ക്കി ഫുട്ബോളിന് അപമാനകരമാണെന്നും ലീഗിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ മാറ്റിവെക്കുകയാണെന്നും തുര്‍ക്കി ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ മെഹ്മത് ബുയുകെക്സി പറഞ്ഞു. റഫറിയെ മര്‍ദിച്ച ഫാറുകിനെ സംഭവത്തിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തു.

37-കാരനായ യുമുത് മെലെറിന്റെ മുഖത്തിന്റെ ഇടതുഭാഗം ഇടികൊണ്ട് വീര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫാറുക് തന്റെ ഇടതുകണ്ണിന് താഴെ ഇടിക്കുകയും നിലത്ത് വീണപ്പോള്‍ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പലതവണ ചവിട്ടുകയും ചെയ്തുവെന്ന് മെലെര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ അപലപിച്ചു. മത്സരം നിയന്ത്രിക്കുന്നവരില്ലാതെ ഫുട്ബോള്‍ ഇല്ലെന്നും റഫറിമാരും ആരാധകരും ടീം സ്റ്റാഫുമുള്‍പ്പടെ എല്ലാവരും സുരക്ഷിതരായി മത്സരം ആസ്വദിക്കണമെന്നും ഇവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. സംഭവത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനും അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *