
ലോട്ടറി: സമ്മാനം കൈപറ്റാത്ത വകയിൽ ലഭിച്ച തുക എത്രയെന്ന് അറിയില്ലെന്ന് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറിയിൽ (Kerala Lottery) സമ്മാനം അടിച്ചിട്ടും അത് കൈപറ്റാത്ത വകയിൽ സർക്കാരിന് ലഭിച്ച തുക എത്രയെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്ര ലോട്ടറി ചട്ടങ്ങൾ 2010 പ്രകാരം വിവിധ ലോട്ടറികളിലായി സമ്മാനാർഹമാകുകയും എന്നാൽ സമ്മാനം കൈപറ്റാതിരിക്കുകയും ചെയ്ത വകയിൽ സർക്കാരിന് ലഭിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ കിട്ടിയ തുക എത്രയെന്ന് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി.
ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വിറ്റുവരവ് പൂർണമായും സർക്കാരിലേക്ക് ഒടുക്കുകയാണ് ചെയ്യുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ലോട്ടറി എടുക്കുന്നവരിൽ ചെറിയൊരു വിഭാഗം റിസൾട്ട് നോക്കാറില്ല. സമ്മാനർഹർ കൈപറ്റാത്ത പണം സർക്കാരിലേക്ക് പോകും.

പ്രതിവാര ലോട്ടറിയുടെ വില അവസാനമായി വർദ്ധിപ്പിച്ചത് 2020 മാർച്ച് 1 നാണ്. ഈ സമയത്ത് ടിക്കറ്റ് വിൽപനയിലുള്ള കമ്മീഷൻ 5 ശതമാനം വർദ്ധിപ്പിച്ചു. ഏജന്റ് സമ്മാനത്തിൻമേലുള്ള കമ്മീഷൻ 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി. 100 രൂപ സമ്മാന തുകയുടെ ഏജന്റ് പ്രൈസ് 20 ശതമാനമാക്കിയും വർദ്ധിപ്പിച്ചു. കൈപറ്റാത്ത സമ്മാന തുക സർക്കാരിനെ സംബന്ധിച്ച് മറ്റൊരു ലോട്ടറിയാണെന്ന് വ്യക്തം.
